വഖഫ് ബോർഡിൽ യഥാർത്ഥ മുതവല്ലിമാർക്ക് പ്രാതിനിധ്യം ഉറപ്പുവരുത്തണം: മുതവല്ലീസ് അസോസിയേഷൻ
മലപ്പുറം: വഖഫ് ബോർഡുകളിൽ യഥാർത്ഥ മുതവല്ലിമാർക്ക് പ്രാതിനിധ്യം ഉറപ്പുവരുത്താൻ സർക്കാറുകൾ ശ്രദ്ധിക്കണമെന്ന് കേരളാ മുതവല്ലീസ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വഖഫ് സ്വത്തുക്കൾ സംരക്ഷിക്കുക എന്നതാണ് മുതവല്ലിമാരുടെ ഉത്തരവാദിത്വം. അതിനുവേണ്ടിയാണ് മുതവല്ലീസ് അസോസിയേഷൻ രൂപീകരിച്ചിട്ടുള്ളത്. നൂറും അമ്പതും അതിലധികവും ഏക്കർ കണക്കിന് സ്വത്തുക്കൾ വഖഫ് ചെയ്ത പുരാതന മുസ്ലിം കുടുംബങ്ങൾ ഒരുപാടുണ്ട്. 1962ൽ വഖഫ് ബോർഡ് ഇത്തരം കുടുംബങ്ങളിലെ മുതവല്ലിമാരെ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. മതസ്ഥാപനങ്ങൾക്ക് ഇത്തരത്തിൽ സ്വന്തം ഭൂമി നൽകിയ മുതവല്ലിമാരെ എല്ലാ കാലത്തും മാറിമാറി വരുന്ന സർക്കാറുകൾ വഖഫ് ബോർഡിൽ ഉൾപ്പെടുത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
കേരളത്തിൽ വഖഫ് സ്വത്തുക്കളിലുൾപ്പെട്ട ആയിരക്കണക്കിന് ഏക്കർ ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ട്. കയ്യേറ്റവും അനധികൃത രേഖകളുണ്ടാക്കി വിൽപ്പനയും നടത്തിയതാണ് നഷ്ടപ്പെടാൻ കാരണം. ഇത്തരത്തിലുള്ള വഖഫ് ഭൂമികൾ തിരിച്ചുപിടിക്കാൻ വഖഫ് ബോർഡും സംസ്ഥാന സർക്കാറും അടിയന്തര നടപടികൾ സ്വീകരിക്കണം. വഖഫ് സ്വത്തായി ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഭൂമികൾ സംരക്ഷിക്കാനും നടപടികൾ വേണം. ഇക്കാര്യത്തിൽ സർക്കാറിന് എല്ലാവിധ സഹായവും പിന്തുണയും നൽകാൻ കേരളാ മുതവല്ലി അസോസിയേഷൻ പ്രതിജ്ഞാബദ്ധമാണെന്നും ഭാരവാഹികൾ അറിയിച്ചു.
”സംസ്ഥാനത്തെ പല വഖഫിലുൾപ്പെട്ട സ്വത്തുക്കൾക്കും നികുതി അടക്കാൻ പറ്റാത്ത സാഹചര്യമുണ്ട്. രേഖകളുടെ അപര്യാപ്തതയാണ് പ്രധാന കാരണം. നികുതി സ്വീകരിക്കാത്തത് ഈ വഖഫ് സ്വത്തുക്കൾ കാലക്രമത്തിൽ അന്യാധീനപ്പെടാൻ കാരണമായേക്കുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു. അതിനാൽ സർക്കാറും റവന്യു വകുപ്പും വഖഫ് സ്വത്തുക്കളുടെ നികുതിക്കാര്യത്തിൽ അടിയന്തരമായ ഇടപെട്ട് നികുതി അടക്കുന്നതിനുള്ള ചട്ടങ്ങൾ ലഘൂകരിക്കണം. ഇക്കാര്യത്തിൽ വഖഫ് ബോർഡിന്റെ അടിയന്തര ഇടപെടലുകൾ ഉണ്ടാവണം.”
സംസ്ഥാനത്തെ വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട് കോടതികളിലും ട്രൈബ്യൂണലുകളിലും അനന്തമായി നീളുന്ന ഒരുപാട് കേസുകളുണ്ട്. കേസുകളിലെ വിധിയിലുണ്ടാകുന്ന കാലതാമസം വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെടുന്നതിലേക്ക് എത്തുന്ന അനുഭവങ്ങളുമുണ്ട്. അതിനാൽ വഖഫ് സ്വത്തുമായി ബന്ധപ്പെട്ട കേസുകളിൽ കാലബന്ധിതമായി തീർപ്പുകൾ കൽപ്പിക്കുന്നതിന് പ്രത്യേക അദാലത്തുകൾ സംഘടിപ്പിക്കാൻ വഖഫ് ബോർഡ് മുൻകയ്യെടുക്കണമെന്നും കേരള മുതവല്ലീസ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ ആവശ്യപ്പെട്ടു.
വാർത്താസമ്മേളനത്തിൽ കേരള മുതവല്ലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എഞ്ചിനീയർ അഹമ്മദ് മൂപ്പൻ, ജനറൽ സെക്രട്ടറി കെ.പി.ഒ റഹ്മത്തുല്ല, സംസ്ഥാന സമിതി അംഗം കൊളക്കാട്ടിൽ കുഞ്ഞിമുഹമ്മദ് എന്ന പൂച്ച്യാപ്പു എന്നിവർ പങ്കെടുത്തു.