01/04/2026
[fontresizer_tawhidurrahmandear_widget]

പൊന്ന് തിരഞ്ഞ് മലയാളികളും ഗൂഡല്ലൂരിലേക്ക് ഒഴുകുന്നു; 100ലേറെ തുരങ്കങ്ങൾ നിർമിച്ച് വൻ അനധികൃത ’സ്വർണ ഖനനം’

 പൊന്ന് തിരഞ്ഞ് മലയാളികളും ഗൂഡല്ലൂരിലേക്ക് ഒഴുകുന്നു; 100ലേറെ തുരങ്കങ്ങൾ നിർമിച്ച് വൻ അനധികൃത ’സ്വർണ ഖനനം’

ഗൂഡല്ലൂർ: സ്വർണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ദേവാല, കാട്ടിമട്ടം മേഖലകളിൽ അനധികൃത സ്വർണഖനനം വീണ്ടും സജീവമാകുന്നു. വനമേഖലയിലും തേയിലത്തോട്ടങ്ങളിലുമായി പുതുതായി നിർമിച്ച നൂറിലധികം തുരങ്കങ്ങൾ ഉദ്യോഗസ്ഥർ കണ്ടെത്തി. തമിഴ്‌നാട് സ്വദേശികൾക്ക് പുറമെ കേരളത്തിൽ നിന്നുള്ള യുവാക്കളും സ്വർണം തേടി ഈ മേഖലയിലേക്ക് എത്തുന്നതായാണ് വിവരം.

ഗൂഡല്ലൂർ ഡി.എഫ്.ഒ വെങ്കിടേഷ് പ്രഭുവിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം പ്രദേശത്ത് വ്യാപകമായ റെയ്ഡ് നടത്തി. കാട്ടിമട്ടം ഭാഗത്ത് കണ്ടെത്തിയ അമ്പതോളം പുതിയ കുഴികൾ വനംവകുപ്പ് താൽക്കാലികമായി അടപ്പിച്ചു. അടുത്ത പത്ത് ദിവസത്തിനുള്ളിൽ മേഖലയിലെ മുഴുവൻ അനധികൃത തുരങ്കങ്ങളും പൂർണ്ണമായും മൂടുമെന്ന് ഡി.എഫ്.ഒ അറിയിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സ്വർണഖനനവുമായി ബന്ധപ്പെട്ട് 124 കേസുകളാണ് വനംവകുപ്പ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ബ്രിട്ടീഷ് കാലത്ത് ഉപേക്ഷിക്കപ്പെട്ട ഖനികൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഖനനം നടക്കുന്നത്. 200 അടി വരെ താഴ്ചയുള്ള അപകടകരമായ തുരങ്കങ്ങളിൽ ഇറങ്ങിയാണ് മണ്ണും കല്ലും ശേഖരിക്കുന്നത്. ഇത് അരച്ച് മെർക്കുറി ഉപയോഗിച്ച് സ്വർണം വേർതിരിക്കുന്നത് പ്രദേശത്തെ ജലസ്രോതസ്സുകളിൽ വൻതോതിൽ വിഷാംശം കലരാൻ കാരണമാകുന്നു. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ഖനനം നടത്തുന്നതുമൂലം പലപ്പോഴും മണ്ണ് ഇടിഞ്ഞും ശ്വാസംമുട്ടിയും മരണങ്ങൾ സംഭവിക്കാറുണ്ട്. വനമേഖലയിൽ പരിശോധന ശക്തമാക്കിയതോടെ സമീപത്തെ തേയിലത്തോട്ടങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ മാഫിയാ സംഘങ്ങൾ പ്രവർത്തിക്കുന്നത്. തോട്ടമുടമകൾക്കെതിരെയും കർശന നടപടി സ്വീകരിക്കാൻ ആർ.ഡി.ഒ നിർദ്ദേശം നൽകി.

Also read: