അഭിഭാഷക കുപ്പായമിട്ട് വീണ്ടും ‘ദീദി’; ബംഗാൾ വോട്ടർ പട്ടികയിലെ ‘ക്രമക്കേടുകൾ’ക്കെതിരെ വാദിക്കാൻ ഇന്ന് നേരിട്ട് സുപ്രീം കോടതിയിൽ
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക തീവ്ര പരിശോധനയിലെ (എസ്ഐആർ) ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ മുഖ്യമന്ത്രി മമത ബാനർജി ഇന്ന് നേരിട്ട് വാദിച്ചേക്കും. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന വോട്ടർ പട്ടിക പുതുക്കൽ നടപടികൾക്കെതിരെ മമത ബാനർജി നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കുന്നത്.
അഭിഭാഷക കൂടിയായ മമത, സ്വന്തം കേസ് വാദിക്കാൻ ചീഫ് ജസ്റ്റിസിനോട് അനുമതി തേടുമെന്നാണ് റിപ്പോർട്ടുകൾ. വോട്ടർ പട്ടികയിൽ നിന്ന് അനധികൃതമായി പേരുകൾ വെട്ടിമാറ്റുന്നുവെന്നും, ‘ലോജിക്കൽ ഡിസ്‌ക്രിപെൻസി’ (Logical Discrepancy) എന്ന പേരിൽ ലക്ഷക്കണക്കിന് വോട്ടർമാരെ ഒഴിവാക്കാൻ നീക്കം നടക്കുന്നുവെന്നുമാണ് മമതയുടെ പ്രധാന ആരോപണം.
കമ്മീഷന്റെ നടപടി ഏകപക്ഷീയമാണെന്നും, വോട്ടർമാരുടെ ജനാധിപത്യപരമായ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നും മമത ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. തൃണമൂൽ കോൺഗ്രസ് എംപിമാരായ ഡെറിക് ഒബ്രിയാൻ, ഡോല സെൻ എന്നിവരും സമാന വിഷയത്തിൽ ഹർജികൾ നൽകിയിട്ടുണ്ട്. കേസ് പരിഗണിക്കുന്ന പശ്ചാത്തലത്തിൽ മമത ബാനർജി ഇന്നലെ തന്നെ ഡൽഹിയിൽ എത്തിയിട്ടുണ്ട്.
ഒരു സംസ്ഥാന മുഖ്യമന്ത്രി സ്വന്തം കേസിനായി സുപ്രീം കോടതിയിൽ നേരിട്ട് ഹാജരായി വാദിക്കുന്നത് ചരിത്രപരമായ നീക്കമായാണ് നിയമവിദഗ്ധർ നോക്കിക്കാണുന്നത്. യാഥാർത്ഥ്യമായാൽ രാജ്യത്ത് തന്നെ അപൂർവ സംഭവമായിരിക്കും ഇത്.