02/03/2026
[fontresizer_tawhidurrahmandear_widget]

‘തന്ത്രിക്കെന്താണ് പ്രത്യേകത?’; നിയമസഭയിൽ മന്ത്രി എം.ബി. രാജേഷിന്റെ ചോദ്യം, പ്രതിപക്ഷ ബഹളത്തിൽ സഭ പ്രക്ഷുബ്ധം

 ‘തന്ത്രിക്കെന്താണ് പ്രത്യേകത?’; നിയമസഭയിൽ മന്ത്രി                                എം.ബി. രാജേഷിന്റെ ചോദ്യം, പ്രതിപക്ഷ ബഹളത്തിൽ സഭ പ്രക്ഷുബ്ധം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിനെച്ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര് മുറുകുന്നു. ചോദ്യോത്തര വേളയിൽ മന്ത്രി എം.ബി. രാജേഷ് നടത്തിയ പരാമർശങ്ങൾ സഭയെ പ്രക്ഷുബ്ധമാക്കി. സ്വർണക്കൊള്ളക്കേസിലെ പ്രതിയായ തന്ത്രിക്ക് എന്ത് പ്രത്യേകതയാണുള്ളതെന്ന മന്ത്രിയുടെ ചോദ്യം പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു.

പ്രതിപക്ഷ നേതാവിന്റെ അസാന്നിധ്യത്തിൽ കെ. ബാബുവാണ് വിഷയം ഉന്നയിച്ചത്. മന്ത്രി വി.എൻ. വാസവന്റെ രാജി ആവശ്യപ്പെട്ട് സഭയ്ക്ക് പുറത്ത് എം.എൽ.എമാർ നടത്തുന്ന സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷം, സഭാ നടപടികളുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കി. എന്നാൽ, യു.ഡി.എഫിനെ രൂക്ഷമായ ഭാഷയിലാണ് മന്ത്രി രാജേഷ് വിമർശിച്ചത്. മുസ്ലിം ലീഗ് നാരങ്ങാവെള്ളം കലക്കി ബിജെപിക്ക് നൽകാൻ കാത്തിരിക്കുകയാണെന്നും, ഇപ്പോൾ സഭയിലുള്ള കോൺഗ്രസുകാർ നാളെ പാർട്ടിയിലുണ്ടാകുമോ എന്ന് പറയാനാകില്ലെന്നും അദ്ദേഹം പരിഹസിച്ചു.

തങ്ങളൊഴികെ സ്വർണം കട്ട എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നതാണോ യു.ഡി.എഫ് നിലപാടെന്നും മന്ത്രി ചോദിച്ചു. മന്ത്രിയുടെ രാഷ്ട്രീയ പരാമർശങ്ങൾ സഭയിൽ വലിയ ബഹളത്തിന് കാരണമായി. പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ സഭാ നടപടികൾ തടസ്സപ്പെടുന്ന സാഹചര്യമുണ്ടായി. സ്വർണക്കൊള്ളക്കേസിൽ ഉന്നതർക്ക് പങ്കുണ്ടെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷം.

Also read: