02/03/2026
[fontresizer_tawhidurrahmandear_widget]

മുഹമ്മദ് ഇന്ത്യൻ പൗരൻ തന്നെ; വോട്ട് തള്ളാൻ പരാതിനൽകിയ ബിജെപി നേതാവിനെതിരേ കേസെടുക്കുമെന്ന് കളക്ടർ

 മുഹമ്മദ് ഇന്ത്യൻ പൗരൻ തന്നെ; വോട്ട് തള്ളാൻ പരാതിനൽകിയ ബിജെപി നേതാവിനെതിരേ കേസെടുക്കുമെന്ന് കളക്ടർ

കാസർകോട്: മുഹമ്മദ് ഇന്ത്യൻ പൗരൻ തന്നെയെന്ന് അധികൃതർ. കയ്യാർ കണ്ണങ്കാടിയിലെ മുഹമ്മദിന്റെ പൗരത്വം ചോദ്യം ചെയ്ത് ബിജെപി നേതാവ് നൽകിയ പരാതി അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയതോടെയാണ് ജില്ലാ കളക്ടറുടെ നടപടി. തെറ്റായ വിവരങ്ങൾ നൽകി അധികൃതരെ തെറ്റിദ്ധരിപ്പിച്ചതിന് ബിജെപി ജില്ലാ സെക്രട്ടറി ലോകേഷ് നോണ്ടയ്‌ക്കെതിരേ കേസെടുക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ കെ ഇമ്പശേഖർ ഉത്തരവിട്ടു.

മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെ പഞ്ചായത്തിലെ 128ാം നമ്പർ ബൂത്തിലെ വോട്ടറായ മുഹമ്മദിനെതിരെയാണ് ബിജെപി നേതാവ് പരാതി നൽകിയിരുന്നത്. പൗരത്വമില്ലാത്തതിനാൽ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യണമെന്നായിരുന്നു ആവശ്യം. എന്നാൽ, ഹിയറിങ്ങിൽ പരാതിക്കാരന് ആരോപണം തെളിയിക്കാനാവശ്യമായ രേഖകൾ ഹാജരാക്കാൻ സാധിച്ചില്ല. പരിശോധനയിൽ മുഹമ്മദിന്റെ വോട്ടവകാശം സാധുവാണെന്ന് അധികൃതർ കണ്ടെത്തി.

മുഹമ്മദിനെ കൂടാതെ മറ്റ് ആറുപേരുടെ വോട്ട് തള്ളാനും ഫോറം ഏഴ് വഴി അപേക്ഷ നൽകിയിരുന്നു. ജനപ്രാതിനിധ്യ നിയമം 1950ലെ സെക്ഷൻ 31 പ്രകാരം വ്യാജവിവരങ്ങൾ നൽകുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇതനുസരിച്ച് ബിജെപി നേതാവിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്ന് കളക്ടർ വ്യക്തമാക്കി. ജനാധിപത്യ പ്രക്രിയയെ ബോധപൂർവം തടസ്സപ്പെടുത്തുന്ന നീക്കങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: