31/03/2026
[fontresizer_tawhidurrahmandear_widget]

‘സ്വയം പ്രഖ്യാപിത വിശ്വഗുരുവിനെ ഞാൻ പുകഴ്ത്തിയിട്ടില്ല’; മുംബൈ സർവകലാശാലയുടെ വിലക്കിൽ രൂക്ഷവിമർശനവുമായി നസീറുദ്ദീൻ ഷാ

 ‘സ്വയം പ്രഖ്യാപിത വിശ്വഗുരുവിനെ ഞാൻ പുകഴ്ത്തിയിട്ടില്ല’; മുംബൈ സർവകലാശാലയുടെ വിലക്കിൽ രൂക്ഷവിമർശനവുമായി നസീറുദ്ദീൻ ഷാ

നസീറുദ്ദീന്‍ ഷാ

മുംബൈ: മുംബൈ സർവകലാശാലയുടെ ഉർദു വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽനിന്ന് അവസാന നിമിഷം ഒഴിവാക്കിയ നടപടിയിൽ രൂക്ഷവിമർശനവുമായി മുതിർന്ന ബോളിവുഡ് താരം നസീറുദ്ദീൻ ഷാ. ഫെബ്രുവരി ഒന്നിന് നടക്കാനിരുന്ന ‘ജഷ്‌നെ ഉർദു’ എന്ന പരിപാടിയിൽ പങ്കെടുക്കുന്നതിൽനിന്ന് തലേദിവസം രാത്രി വൈകിയാണ് സർവകലാശാല അധികൃതർ അദ്ദേഹത്തെ വിലക്കിയത്. തന്റെ രാഷ്ട്രീയ നിലപാടുകളാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും, ‘സ്വയം പ്രഖ്യാപിത വിശ്വഗുരുവിനെ’ താൻ ഇതുവരെ പുകഴ്ത്തിയിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

താൻ പരിപാടിയിൽ പങ്കെടുക്കാൻ വിസമ്മതിച്ചു എന്നാണ് സംഘാടകർ വിദ്യാർത്ഥികളോട് കള്ളം പറഞ്ഞതെന്നും, ഇത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നും ‘ദി ഇന്ത്യൻ എക്‌സ്പ്രസി’ൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം വ്യക്തമാക്കി.

‘സ്വയം പ്രഖ്യാപിത വിശ്വഗുരുവിനെ ഞാൻ ഒരിക്കലും പുകഴ്ത്തിയിട്ടില്ല എന്നത് സത്യമാണ്. അദ്ദേഹത്തിന്റെ പെരുമാറ്റരീതികളെയും നാർസിസിസത്തെയും ഞാൻ വിമർശിച്ചിട്ടുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടയിൽ അദ്ദേഹം ചെയ്ത ഒരൊറ്റ കാര്യത്തിലും എനിക്ക് മതിപ്പ് തോന്നിയിട്ടുമില്ല.’-നസീറുദ്ദീൻ ഷാ ചൂണ്ടിക്കാട്ടി.

താൻ രാജ്യവിരുദ്ധ പ്രസ്താവനകൾ നടത്തുന്നുവെന്ന സർവകലാശാല ഉദ്യോഗസ്ഥന്റെ ആരോപണത്തെ അദ്ദേഹം ശക്തമായി എതിർത്തു. ഭരണകൂടത്തെ വിമർശിക്കുന്നത് രാജ്യത്തെ വിമർശിക്കലല്ല. രാജ്യത്തിനെതിരെ താൻ എവിടെയെങ്കിലും സംസാരിച്ചതായി തെളിയിക്കാൻ അദ്ദേഹം വെല്ലുവിളിച്ചു.

വിചാരണ കൂടാതെ വിദ്യാർത്ഥികളെ തടവിലിടുന്നത്, കുറ്റവാളികൾക്ക് ജാമ്യം നൽകുന്നത്, ഗോസംരക്ഷണത്തിന്റെ പേരിലുള്ള അതിക്രമങ്ങൾ, ചരിത്രപുസ്തകങ്ങൾ തിരുത്തുന്നത് തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം കടുത്ത ആശങ്ക രേഖപ്പെടുത്തി. നിലവിലെ സാഹചര്യത്തെ ജോർജ് ഓർവെലിന്റെ ‘1984’ എന്ന നോവലിലെ സാഹചര്യത്തിന് സമാനമാണ്. ‘മഹാനായ നേതാവിനെ’ സ്തുതിക്കാതിരിക്കുന്നത് രാജ്യദ്രോഹമായി കണക്കാക്കപ്പെടുന്നു. ‘ടു മിനിറ്റ്‌സ് ഹേറ്റ്’ എന്നത് ഇപ്പോൾ ’24 മണിക്കൂർ വിദ്വേഷ’മായി മാറിയിരിക്കുന്നു. ഇത് ഞാൻ വളർന്നുവന്നതോ സ്‌നേഹിക്കാൻ പഠിച്ചതോ ആയ രാജ്യമല്ല,’ നസീറുദ്ദീൻ ഷാ കുറിച്ചു.

Also read: