02/03/2026
[fontresizer_tawhidurrahmandear_widget]

‘കോൺഗ്രസ് വനിതാ എംപിമാർ മോദിയെ കടിക്കാൻ നിൽക്കുകയായിരുന്നു; സഭയിൽ വരാതിരുന്നത് അതുകൊണ്ട്’-വിചിത്രവാദം

 ‘കോൺഗ്രസ് വനിതാ എംപിമാർ മോദിയെ കടിക്കാൻ നിൽക്കുകയായിരുന്നു; സഭയിൽ വരാതിരുന്നത് അതുകൊണ്ട്’-വിചിത്രവാദം

ന്യൂഡൽഹി: ലോക്സഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെ ഉണ്ടായ നാടകീയ രംഗങ്ങൾക്ക് പിന്നാലെ വിചിത്രവാദവുമായി എൻഡിഎ വക്താവ്. കോൺഗ്രസിലെ വനിതാ എംപിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടിക്കാൻ പദ്ധതിയിട്ടിരുന്നെന്നും, ഇതുകൊണ്ടാണ് പ്രധാനമന്ത്രി സഭയിൽ എത്താതിരുന്നതെന്നുമാണ് എൻഡിഎ വക്താവും ടിഡിപി നേതാവുമായ ദീപക് റെഡ്ഡി ഒരു ചാനൽ ചർച്ചയ്ക്കിടെ ആരോപിച്ചത്.

കഴിഞ്ഞ ദിവസം ലോക്സഭയിൽ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തെക്കുറിച്ചായിരുന്നു ദീപക് റെഡ്ഡിയുടെ ഈ പരാമർശം. പ്രസ്താവനയുടെ വീഡിയോ ക്ലിപ്പ് നിമിഷനേരം കൊണ്ടാണ് ഇൻറർനെറ്റിൽ വൈറലായിട്ടുണ്ട്. ലോക്സഭാ ബജറ്റ് സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു പാർലമെന്റിൽ നടത്തിയ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയം പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ പാസാക്കിയിരുന്നു. 2004-ന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ രാഷ്ട്രപതിയുടെ പ്രസംഗത്തിന് അംഗീകാരം നൽകുന്നത്.

വിഷയത്തിൽ ലോക്സഭാ സ്പീക്കർ ഓം ബിർളയും സമാനമായ വിശദീകരണം നൽകിയിരുന്നു. പ്രധാനമന്ത്രി സഭയിൽ എത്താതിരുന്നത് തന്റെ നിർദേശപ്രകാരമാണെന്ന് സ്പീക്കർ വെളിപ്പെടുത്തി. അപ്രതീക്ഷിതമായ രീതിയിൽ ചില അംഗങ്ങൾ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിന് സമീപത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും, അത് വലിയൊരു അപകടത്തിലേക്ക് നയിച്ചേക്കാമെന്നും തനിക്ക് വിവരം ലഭിച്ചിരുന്നതായാണ് സ്പീക്കർ സഭയെ അറിയിച്ചത്.

‘പ്രധാനമന്ത്രി സഭയിലേക്ക് വരാതിരുന്നതുകൊണ്ട് അനിഷ്ടകരമായ പല രംഗങ്ങളും ഒഴിവാക്കാൻ സാധിച്ചു. എന്റെ നിർദേശം സ്വീകരിച്ച പ്രധാനമന്ത്രിക്ക് ഞാൻ നന്ദി പറയുന്നു,’ സ്പീക്കർ പറഞ്ഞു. വനിതാ എംപിമാർ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിന് ചുറ്റും തന്ത്രപൂർവം നിലയുറപ്പിച്ചിരുന്നതായും, ഇത് മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും ബിജെപി എംപിമാരും ആരോപിച്ചിരുന്നു.

ബുധനാഴ്ച ലോക്സഭയിൽ പ്രതിപക്ഷ ബഹളത്തെത്തുടർന്ന് സഭ പലതവണ നിർത്തിവച്ചിരുന്നു. മുൻ കരസേനാ മേധാവി എം.എം നരവാനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിലെ ഭാഗങ്ങൾ ഉദ്ധരിക്കാൻ രാഹുൽ ഗാന്ധിയെ അനുവദിക്കാതിരുന്നതും പ്രതിപക്ഷ എംപിമാരുടെ സസ്പെൻഷനുമായിരുന്നു പ്രതിഷേധത്തിന് കാരണം. ഇതിനിടെ, വർഷ ഗെയ്ക്ക്വാദ്, ജ്യോതിമണി എന്നിവരടക്കമുള്ള കോൺഗ്രസ് വനിതാ എംപിമാർ ‘ശരിയായത് ചെയ്യൂ’ എന്ന ബാനറുമായി പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിന് സമീപത്തേക്ക് നീങ്ങിയിരുന്നു.

സ്പീക്കർ ചൂണ്ടിക്കാട്ടിയ സുരക്ഷാ പ്രശ്‌നങ്ങളെയാണ് ദീപക് റെഡ്ഡി കടിക്കാൻ വരുന്നു എന്ന രീതിയിൽ വ്യാഖ്യാനിച്ചത്. ‘കോൺഗ്രസ് വനിതാ എംപിമാർ പല്ലുകൊണ്ട് മോദിയെ കടിക്കാൻ തയ്യാറായി നിൽക്കുകയായിരുന്നു’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഈ പരാമർശം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പ്രളയമായി. ‘പാർലമെന്റിലെ വാമ്പയർമാർ’ എന്നും, ‘ഇനിമുതൽ പല്ലുകൾ ആയുധമായി കണക്കാക്കുമോ’ എന്നുമൊക്കെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.

Also read: