തീരുവയുദ്ധത്തിൽ ട്രംപിന് പണികൊടുത്ത ഇന്ത്യൻ അഭിഭാഷകൻ
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവാദമായ ഇറക്കുമതി തീരുവകൾക്കെതിരെ സുപ്രീം കോടതിയിൽ ഐതിഹാസിക വിജയം നേടി ഇന്ത്യൻ വംശജനായ അഭിഭാഷകൻ നീൽ കത്യാൽ. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ വ്യാപകമായ താരിഫുകൾ റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയോടെ, ട്രംപിന്റെ സാമ്പത്തിക നയങ്ങൾക്ക് കനത്ത പ്രഹരമാണ് ഏറ്റിരിക്കുന്നത്.
അമേരിക്കയിലെ മുൻ ആക്ടിങ് സോളിസിറ്റർ ജനറലായ നീൽ കത്യാൽ, ട്രംപ് ഭരണകൂടം 1977ലെ ‘ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട്’ (IEEPA) ദുരുപയോഗം ചെയ്യുന്നതിനെതിരെയാണ് കോടതിയിൽ പോരാടിയത്. എല്ലാ വ്യാപാര പങ്കാളികളിൽ നിന്നുമുള്ള ഇറക്കുമതിക്ക് ‘അന്യായവും ഭരണഘടനാ വിരുദ്ധവുമായ നികുതികൾ’ ചുമത്തുന്നത് നിയമവിരുദ്ധമാണെന്ന് അദ്ദേഹം വാദിച്ചു.
ദേശീയ സുരക്ഷയും സാമ്പത്തിക കമ്മിയും ചൂണ്ടിക്കാട്ടിയാണ് ട്രംപ് താരിഫുകളെ ന്യായീകരിച്ചത്. എന്നാൽ, ലിബർട്ടി ജസ്റ്റിസ് സെന്ററിന്റെ പിന്തുണയോടെ ചെറുകിട ബിസിനസുകാർക്ക് വേണ്ടി ഹാജരായ കത്യാൽ, നികുതി ചുമത്താനുള്ള അധികാരം കോൺഗ്രസിനാണെന്ന് കോടതിയിൽ സമർത്ഥിച്ചു.
‘പ്രസിഡന്റുമാർ ശക്തരായിരിക്കാം, പക്ഷേ നമ്മുടെ ഭരണഘടന അവരേക്കാൾ ശക്തമാണ്,’ വിധിക്ക് പിന്നാലെ കത്യാൽ പ്രതികരിച്ചു. ഈ കേസ് ഏതെങ്കിലും വ്യക്തിക്കെതിരെയല്ല, മറിച്ച് അധികാര വിഭജനം ഉറപ്പാക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ള ആറ് ജസ്റ്റിസുമാരുടെ പിന്തുണയോടെയാണ് സുപ്രധാന വിധി ഉണ്ടായത്.
ചിക്കാഗോയിൽ ഇന്ത്യൻ കുടിയേറ്റക്കാരായ ഡോക്ടറുടെയും എഞ്ചിനീയറുടെയും മകനായി ജനിച്ച കത്യാൽ, മുമ്പും ട്രംപിന്റെ പല നയങ്ങളെയും കോടതിയിൽ വെല്ലുവിളിച്ചിട്ടുണ്ട്. 2017ലെ വിവാദമായ യാത്രാ നിരോധനത്തിനെതിരെ പോരാടിയതും ഇദ്ദേഹമാണ്. ഡാർട്ട്മൗത്ത് കോളേജിലും യേൽ ലോ സ്‌കൂളിലും പഠനം പൂർത്തിയാക്കിയ അദ്ദേഹം, ഒബാമ ഭരണകൂടത്തിൽ സുപ്രധാന പദവികൾ വഹിച്ചിരുന്നു.
നിലവിൽ മിൽബാങ്ക് എൽഎൽപിയിൽ പങ്കാളിയും ജോർജ്ജ്ടൗൺ യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറുമായ കത്യാൽ, അമേരിക്കയിലെ ഏറ്റവും സ്വാധീനമുള്ള അഭിഭാഷകരിൽ ഒരാളാണ്. ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യനെതിരെ കോടതിയിൽ വാദിച്ച് വിജയിക്കാൻ കഴിഞ്ഞത് അമേരിക്കൻ നീതിന്യായ വ്യവസ്ഥയുടെ പ്രത്യേകതയാണെന്ന് അദ്ദേഹം എംഎസ് നൗവിനോട് പറഞ്ഞു.
ട്രംപിന്റെ താരിഫ് നയങ്ങൾക്ക് ലഭിച്ച തിരിച്ചടി, ഭാവിയിൽ പ്രസിഡന്റുമാർക്ക് അമിതാധികാരം ഉപയോഗിക്കുന്നതിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.