രഹസ്യ ഇമെയിലുകൾ പുറത്ത്; നോർവേ കിരീടാവകാശിയും എപ്സ്റ്റീനും തമ്മിൽ അടുത്ത ബന്ധം
ഓസ്‌ലോ: നോർവേയിലെ കിരീടാവകാശി മെറ്റ്-മാരിറ്റിന് അന്തരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി വർഷങ്ങളുടെ വിപുലമായ ബന്ധമുണ്ടെന്ന് വെളിപ്പെടുത്തൽ. അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ എപ്സ്റ്റീൻ ഫയലുകളിലാണ് രാജകുമാരിയെ സംബന്ധിച്ച ആയിരത്തോളം പരാമർശങ്ങളുള്ളത്. വെളിപ്പെടുത്തൽ വിവാദമായതോടെ തന്റെ ഭാഗത്തുനിന്നുണ്ടായ മോശം വിധിന്യായത്തിന് മെറ്റ്-മാരിറ്റ് പരസ്യമായി ക്ഷമാപണം നടത്തി.
2011 മുതൽ 2014 വരെയുള്ള കാലയളവിൽ ഇരുവരും തമ്മിൽ കൈമാറിയ ഇമെയിൽ സന്ദേശങ്ങൾ ഇവരുടെ വിപുലമായ ബന്ധം തെളിയിക്കുന്നു. ഒരു സന്ദേശത്തിൽ ‘നീ എന്റെ തലച്ചോറിനെ ഇക്കിളിപ്പെടുത്തുന്നു’ എന്ന് രാജകുമാരി എപ്സ്റ്റീനോട് പറയുന്നുണ്ട്. പല സന്ദേശങ്ങളിലും അവനെ ‘മൃദുലഹൃദയൻ’, ‘മധുരമുള്ളവൻ’ എന്നിങ്ങനെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്. 2012ൽ അയച്ച ഇമെയിലിൽ എപ്സ്റ്റീൻ ‘വളരെ ആകർഷകനാണെന്ന്’ അവർ പറയുന്നുണ്ട്. കൂടാതെ, തന്റെ 15 വയസ്സുള്ള മകന്റെ കമ്പ്യൂട്ടർ വാൾപേപ്പറിനായി നഗ്‌നരായ സ്ത്രീകൾ സർഫ്‌ബോർഡ് ചുമക്കുന്ന ചിത്രം എപ്സ്റ്റീൻ നിർദേശിച്ചതിനെക്കുറിച്ചും ഇമെയിലുകളിൽ പരാമർശമുണ്ട്.
പാരീസിൽ എപ്സ്റ്റീൻ നടത്തിയ ഭാര്യമാരെ വേട്ടയാടൽ എന്ന പരാമർശത്തിന്, പാരീസ് വ്യഭിചാരത്തിന് നല്ലതാണെന്നും സ്‌കാൻഡിനേവിയൻ സ്ത്രീകൾ അതിന് മികച്ചവരാണെന്നും രാജകുമാരി മറുപടി നൽകിയതായും രേഖകൾ വ്യക്തമാക്കുന്നുണ്ട്. തനിക്ക് സുഖമില്ലാതിരുന്നപ്പോൾ പൂക്കൾ അയച്ചുതന്നതിന് ‘ലവ്, മ്മ്’ എന്ന് ഒപ്പിട്ടാണ് അവർ നന്ദി അറിയിച്ചത്. 2013ൽ ഫ്‌ലോറിഡയിലെ എപ്സ്റ്റീന്റെ വസതിയിൽ ഇവർ നാല് ദിവസം താമസിച്ചതായും രേഖകൾ പറയുന്നു.
ബാലലൈംഗിക കുറ്റകൃത്യങ്ങളിൽ എപ്സ്റ്റീൻ ശിക്ഷിക്കപ്പെട്ട വിവരം അറിഞ്ഞതിന് ശേഷവും മെറ്റ്-മാരിറ്റ് ബന്ധം തുടർന്നതാണ് വലിയ പ്രതിഷേധത്തിന് കാരണമായത്. 2011ൽ തന്നെ എപ്സ്റ്റീനെ ഗൂഗിൾ ചെയ്തു നോക്കിയെന്നും കാര്യങ്ങൾ അത്ര ശുഭകരമല്ലെന്നും ഇവർ തമാശരൂപേണ സന്ദേശമയച്ചിരുന്നു. ‘എപ്സ്റ്റീന്റെ പശ്ചാത്തലം കൂടുതൽ സൂക്ഷ്മമായി പരിശോധിക്കാത്തതിനും അയാൾ എങ്ങനെയുള്ള ആളാണെന്ന് വേഗത്തിൽ മനസ്സിലാക്കാൻ കഴിയാത്തതിനും ഞാൻ ഉത്തരവാദിയാണ്,’ എന്ന് രാജകുമാരി പ്രസ്താവനയിലൂടെ അറിയിച്ചു.
മെറ്റ്-മാരിറ്റിന്റെ മകൻ മാരിയസ് ബോർഗ് ഹോയ്ബി ബലാത്സംഗക്കേസ് ഉൾപ്പെടെ 38 കുറ്റങ്ങൾ ചുമത്തപ്പെട്ട് വിചാരണ നേരിടുന്നതിനിടെയാണ് ഈ വെളിപ്പെടുത്തലുകൾ വരുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ 16 വർഷം വരെ തടവ് ലഭിക്കാവുന്ന കേസുകളിൽ മകന്റെ വിചാരണ നടക്കുമ്പോൾ താൻ സ്വകാര്യ യാത്രയിലായിരിക്കുമെന്ന് മെറ്റ് മാരിറ്റ് അറിയിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ശിക്ഷ കാത്തിരിക്കെ 2019ലാണ് എപ്സ്റ്റീൻ ജയിലിൽ ആത്മഹത്യ ചെയ്തത്.