‘മന്ത്രിയുടെ വിഷമം മാറ്റാനാണ് സെൽഫി എടുത്തത്’; വിമർശനങ്ങൾക്ക് മറുപടിയുമായി നഴ്‌സ് സ്മിത
കണ്ണൂർ: കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആരോഗ്യ മന്ത്രി വീണാ ജോർജിനൊപ്പം ഐ.സി.യുവിൽ വെച്ച് സെൽഫി എടുത്ത നടപടിയിൽ വിശദീകരണവുമായി നഴ്‌സ് സ്മിത പി.എസ്. മന്ത്രിയുടെ മാനസിക വിഷമം മാറ്റാനും അവർക്ക് പിന്തുണ അറിയിക്കാനുമാണ് ഫോട്ടോ എടുത്തതെന്ന് സ്മിത ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. മന്ത്രിയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് റിപ്പോർട്ടുകൾ വരുന്നതിനിടെ ഐ.സി.യുവിൽ വെച്ച് സെൽഫി എടുത്തത് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.
കടുത്ത കഴുത്തുവേദനയും രക്തസമ്മർദ്ദവും കാരണം ബുദ്ധിമുട്ടിലായിരുന്ന മന്ത്രി, ശാരീരിക വേദനയേക്കാൾ ഉപരിയായി വലിയ മാനസിക വിഷമത്തിലായിരുന്നുവെന്ന് സ്മിത പറയുന്നു. ആഹാരം കഴിക്കാൻ പോലും തയ്യാറാകാതിരുന്ന മന്ത്രിയെ നിർബന്ധിച്ചാണ് ഒരു ഇഡലി കഴിപ്പിച്ചത്. ഇതിനുശേഷം വിശ്രമിക്കുന്നതിന് മുൻപാണ് ഞങ്ങൾ സിസ്റ്റർമാർ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചതും മന്ത്രി സമ്മതിച്ചതും. മന്ത്രി നാടകം കളിക്കുകയാണെന്ന പ്രചാരണം ക്രൂരമാണെന്നും സ്മിത കൂട്ടിച്ചേർത്തു.
മന്ത്രിയെന്നതിനപ്പുറം ഒരു സഹോദരിയെപ്പോലെയാണ് അവർ തങ്ങളോട് പെരുമാറിയതെന്നും ആ ബന്ധത്തിന്റെ പുറത്താണ് ഫോട്ടോ എടുത്തതെന്നും കുറിപ്പിൽ പറയുന്നു. കാനുല മാറ്റിയെന്ന തരത്തിലുള്ള ആരോപണങ്ങൾ തെറ്റാണെന്നും കൈത്തണ്ടയുടെ താഴ്ഭാഗത്താണ് സൂചി ഇട്ടിരിക്കുന്നതെന്നും സ്മിത വ്യക്തമാക്കി. നേരത്തെ, പ്രതിപക്ഷ സംഘടനകൾ സെൽഫിക്കെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.