04/03/2026
[fontresizer_tawhidurrahmandear_widget]

‘അൻവർ ബേപ്പൂരിൽ മത്സരിക്കും, ജയിക്കും’; ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനവുമായി സണ്ണി ജോസഫ്

 ‘അൻവർ ബേപ്പൂരിൽ മത്സരിക്കും, ജയിക്കും’; ഔദ്യോഗിക സ്ഥാനാർത്ഥി  പ്രഖ്യാപനവുമായി സണ്ണി ജോസഫ്

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി പി.വി. അൻവർ മത്സരിക്കും. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫാണ് യുഡിഎഫിന്റെ ആദ്യ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. അൻവറിന്റെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിനെ നേരത്തെ തന്നെ യുഡിഎഫ് അസോസിയേറ്റ് അംഗമാക്കിയിരുന്നു. ബേപ്പൂരിൽ അൻവർ മികച്ച വിജയം നേടുമെന്നും സണ്ണി ജോസഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സ്ഥാനാർത്ഥിത്വം ഉറപ്പായതോടെ മണ്ഡലത്തിൽ അൻവർ പ്രചാരണം ഊർജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചാലിയം ഹാർബർ സന്ദർശിച്ച അദ്ദേഹം മത്സ്യതൊഴിലാളികളുമായി സംവദിച്ചു. കേരളത്തിൽ എൽഡിഎഫിനെതിരെ ഭരണവിരുദ്ധ തരംഗമുണ്ടാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

സിറ്റിംഗ് എംഎൽഎയും മന്ത്രിയുമായ മുഹമ്മദ് റിയാസിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് അൻവർ ഉന്നയിക്കുന്നത്. ‘മരുമോനായതിന്റെ ലഹരിയിലാണ് മുഹമ്മദ് റിയാസ്, വികസനം ജനങ്ങൾക്ക് നേരിട്ട് അനുഭവപ്പെട്ടാൽ പിന്നെ ജാഥയുടെ ആവശ്യമില്ല, എംവി ഗോവിന്ദന്റെ വികസന ജാഥ മറ്റൊരു തട്ടിപ്പാണ്. യുഡിഎഫിന്റെ പുതുയുഗയാത്രയിലൂടെ എംവി ഗോവിന്ദന്റെ ജാഥയിലെ അവകാശവാദങ്ങൾ പൊളിയും’ അൻവർ പറഞ്ഞു. തൊഴിലാളികളെ കുറിച്ച് മുഹമ്മദ് റിയാസ് പ്രസംഗത്തിൽപോലും പറയാറില്ല, ആകെ പറയുന്നത് ടൂറിസത്തെ കുറിച്ചാണെന്നും അൻവർ വിമർശിച്ചു. വികസനത്തിന്റെ പേരിൽ സർക്കാർ നടത്തുന്നത് വെറും തട്ടിപ്പാണെന്നും തൊഴിലാളികളുടെ പ്രശ്‌നങ്ങൾ മന്ത്രി അവഗണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുസ്‌ലിം ലീഗ് നേതാവ് എം.സി. മായിൻ ഹാജി ഉൾപ്പെടെയുള്ള പ്രമുഖരെ നേരിൽ കണ്ട് അൻവർ പിന്തുണ തേടിക്കഴിഞ്ഞു. കഴിഞ്ഞ തവണ മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച മുഹമ്മദ് റിയാസിനെതിരെ ശക്തനായ സ്ഥാനാർത്ഥിയെ തന്നെ അണിനിരത്തുന്നതിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് യുഡിഎഫ് പ്രതീക്ഷ. ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ മണ്ഡലത്തിലുണ്ടായ മുന്നേറ്റം നിയമസഭയിലും ആവർത്തിക്കുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ് ക്യാമ്പ്.

Also read: