06/03/2026
[fontresizer_tawhidurrahmandear_widget]

‘ആരുമറിയാതെ നന്മകൾ ചെയ്യുക; സഹനവും സമയനിഷ്ഠയും ആത്മനിയന്ത്രണവും ആർജിക്കുക’-റമദാൻ സന്ദേശത്തിൽ സാദിഖലി തങ്ങൾ

 ‘ആരുമറിയാതെ നന്മകൾ ചെയ്യുക; സഹനവും സമയനിഷ്ഠയും ആത്മനിയന്ത്രണവും ആർജിക്കുക’-റമദാൻ സന്ദേശത്തിൽ സാദിഖലി തങ്ങൾ

സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം: റമദാൻ കേവലം പട്ടിണി കിടക്കലല്ലെന്നും, മറിച്ച് ആത്മനിയന്ത്രണത്തിലൂടെയും ഹൃദയവിശുദ്ധിയിലൂടെയും ജീവിതത്തെ സംസ്‌കരിക്കാനുള്ള അവസരമാണെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. വിശുദ്ധ റമദാൻ മാസത്തിന്റെ വരവറിയിച്ച് വിശ്വാസികൾക്ക് നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ഓർമിപ്പിച്ചത്.

റജബ് മാസം മുതൽ വിശ്വാസികൾ ആകാംക്ഷയോടെ കാത്തിരുന്ന മാസമാണ് എത്തിയിരിക്കുന്നത്. റമദാനിലെ ഏറ്റവും വലിയ പ്രത്യേകത നോമ്പാണ്. എന്നാൽ അനാവശ്യമായ കാര്യങ്ങൾ ഒഴിവാക്കുക എന്നുള്ളതാണ് വിശ്വാസത്തിന്റെ സൗന്ദര്യമെന്ന് മതം പഠിപ്പിക്കുന്നു. മനുഷ്യത്വത്തിന്റെ ഈ സൗന്ദര്യം കാത്തുസൂക്ഷിക്കാൻ വിശ്വാസികൾക്ക് കഴിയണമെന്നും തങ്ങൾ ആഹ്വാനം ചെയ്തു.

”സഹനവും സമയനിഷ്ഠയും ആത്മനിയന്ത്രണവുമാണ് ഈ മാസത്തിന്റെ കാതൽ. ആയിരം മാസങ്ങളെക്കാൾ പുണ്യകരമായ രാവുകളാൽ അനുഗൃഹീതമായ ഈ മാസത്തിൽ ഒരു നിമിഷം പോലും പാഴാക്കരുത്. ഖുർആൻ പാരായണം, പഠനം, നമസ്‌കാരം എന്നിവയ്ക്കൊപ്പം തന്നെ ആത്മസംസ്‌കരണത്തിനും പ്രാധാന്യം നൽകണം.

ദൈവം നോക്കുന്നത് നമ്മുടെ പുറംമോടികളിലേക്കല്ല, മറിച്ച് നമ്മുടെ ഹൃദയങ്ങളിലേക്കാണ്. നമ്മൾ വെറുതെ പട്ടിണി കിടക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നില്ല. മറിച്ച്, ഭക്തിയോടെയുള്ള പട്ടിണിയാണ് അവൻ ആഗ്രഹിക്കുന്നത്. അനാവശ്യ വാക്കുകളിൽനിന്നും പെരുമാറ്റങ്ങളിൽനിന്നും അകന്നുനിന്ന് ജീവിതത്തെ വിശുദ്ധിയുടെ മാർഗത്തിലേക്ക് നയിക്കാൻ ഈ മാസം വിനിയോഗിക്കണം.”-തങ്ങൾ ഓർമിപ്പിച്ചു

മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയാകരുത് നമ്മുടെ നന്മകൾ. വലതുകൈ നൽകുന്നത് ഇടതുകൈ അറിയാത്ത വിധത്തിൽ വേണം ദാനധർമങ്ങൾ നിർവഹിക്കാൻ. അല്ലാഹുവിന്റെ പരിപൂർണ തൃപ്തി മാത്രം കാംക്ഷിച്ചുകൊണ്ടുള്ള ആരാധനകൾക്കും നന്മകൾക്കും മാത്രമേ പ്രസക്തിയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നല്ല പെരുമാറ്റമാണ് റമദാൻ നൽകുന്ന ഏറ്റവും വലിയ സന്ദേശമെന്ന് ഓർമിപ്പിച്ച തങ്ങൾ, ഏവർക്കും ഹൃദയംഗമമായ റമദാൻ ആശംസകൾ നേർന്നുകൊണ്ടാണ് സന്ദേശം അവസാനിപ്പിച്ചത്.

Also read: