അഹമ്മദാബാദ് വിമാനാപകടം: ‘പൈലറ്റ് ഇന്ധന സ്വിച്ചുകൾ മനഃപൂർവ്വം ഓഫാക്കി’; വെളിപ്പെടുത്തലുമായി ഇറ്റാലിയൻ പത്രം
ന്യൂഡൽഹി: 2025 ജൂൺ 12ന് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ 171 വിമാനം തകർന്നുവീണത് പൈലറ്റിന്റെ ബോധപൂർവ്വമായ ഇടപെടൽ മൂലമാണെന്ന് സൂചന. വിമാനത്തിന്റെ ഇന്ധന സ്വിച്ചുകൾ പൈലറ്റുമാരിൽ ഒരാൾ മനഃപൂർവ്വം ഓഫ് ചെയ്തതാണ് 260 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് കാരണമെന്ന് ഇറ്റാലിയൻ പത്രമായ ‘കൊറിയർ ഡെല്ല സെറ’ റിപ്പോർട്ട് ചെയ്തു.
അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് പുറത്തുവരാനിരിക്കെയാണ് പാശ്ചാത്യ ഏജൻസികളെ ഉദ്ധരിച്ചുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. വിമാനത്തിന് സാങ്കേതിക തകരാറുകൾ ഒന്നുമുണ്ടായിരുന്നില്ലെന്നും, കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറിലെ ശബ്ദരേഖകൾ വിശകലനം ചെയ്തതിൽ നിന്ന് ക്യാപ്റ്റൻ സുമീത് സഭർവാളാണ് സ്വിച്ചുകൾ ഓഫ് ചെയ്തതെന്ന് കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. പറന്നുയർന്ന് നിമിഷങ്ങൾക്കകം രണ്ട് എഞ്ചിനുകളും പ്രവർത്തനരഹിതമായതോടെ വിമാനം ഹോസ്റ്റൽ കെട്ടിടത്തിന് മുകളിലേക്ക് പതിക്കുകയായിരുന്നു.
അതേസമയം, പൈലറ്റ് അസോസിയേഷനുകളും സഭർവാളിന്റെ കുടുംബവും ആരോപണങ്ങളെ തള്ളിക്കളഞ്ഞു. വിമാന നിർമ്മാതാക്കളെയും എയർലൈൻ മാനേജ്‌മെന്റിനെയും രക്ഷിക്കാനുള്ള ആസൂത്രിത ശ്രമമാണിതെന്ന് അവർ ആരോപിക്കുന്നു. വിഷയത്തിൽ പ്രതികരിക്കാൻ വ്യോമയാന മന്ത്രാലയമോ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയോ തയ്യാറായിട്ടില്ല. വലിയ അന്താരാഷ്ട്ര സമ്മർദ്ദങ്ങൾക്കിടയിൽ പുറത്തുവരുന്ന അന്തിമ റിപ്പോർട്ട് ഇന്ത്യൻ വ്യോമയാന മേഖലയിൽ ചർച്ചകൾക്ക് വഴിതുറക്കും.