02/03/2026
[fontresizer_tawhidurrahmandear_widget]

റമദാനിൽ മുസ്‌ലിം ജീവനക്കാർക്ക് ജോലി സമയത്തിൽ ഇളവ് അനുവദിച്ച് തെലങ്കാന സർക്കാർ

 റമദാനിൽ മുസ്‌ലിം ജീവനക്കാർക്ക് ജോലി സമയത്തിൽ ഇളവ് അനുവദിച്ച് തെലങ്കാന സർക്കാർ

ഹൈദരാബാദ്: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് സംസ്ഥാനത്തെ മുസ്ലിം സർക്കാർ ജീവനക്കാർക്ക് ജോലി സമയത്തിൽ ഇളവ് അനുവദിച്ച് തെലങ്കാന സർക്കാർ. വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി വൈകുന്നേരത്തെ പ്രാർത്ഥനകൾക്കും നോമ്പ് തുറയ്ക്കും സൗകര്യമൊരുക്കുന്നതിനായാണ് ജീവനക്കാർക്ക് ഓഫീസിൽനിന്ന് നേരത്തെ ഇറങ്ങാൻ അനുമതി നൽകിയത്.

ചീഫ് സെക്രട്ടറി കെ. രാമകൃഷ്ണ റാവു ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ നിർദേശപ്രകാരം, മുസ്ലിം ജീവനക്കാർക്ക് റമദാൻ മാസത്തിൽ വൈകുന്നേരം നാലു മണിക്ക് ഓഫീസ് വിടാൻ അനുവാദമുണ്ടാകും. സാധാരണ പ്രവൃത്തി സമയത്തെക്കാൾ ഒരു മണിക്കൂർ നേരത്തെയാണിത്.

സർക്കാർ ജീവനക്കാർക്ക് പുറമെ, അധ്യാപകർ, കരാർ ജീവനക്കാർ, ഔട്ട്സോഴ്സിങ് ജീവനക്കാർ, വിവിധ ബോർഡുകളിലും കോർപറേഷനുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന മുസ്ലിം മതവിശ്വാസികളായ ജീവനക്കാർ എന്നിവർക്കെല്ലാം ഈ ഇളവ് ബാധകമായിരിക്കും.

ഫെബ്രുവരി 19 മുതൽ മാർച്ച് 20 വരെയാണ് ഈ പ്രത്യേക അനുമതി നൽകിയിരിക്കുന്നത്. എന്നാൽ, അടിയന്തര സേവനങ്ങളോ ജോലിയുമായി ബന്ധപ്പെട്ട മറ്റ് അത്യാവശ്യ സാഹചര്യങ്ങളോ ഉണ്ടായാൽ ജീവനക്കാർ കൃത്യസമയത്ത് ഓഫീസിൽ ഉണ്ടാവണമെന്ന് ഉത്തരവിൽ പ്രത്യേകം വ്യക്തമാക്കുന്നുണ്ട്.

റമദാൻ മാസത്തിൽ ഉറുദു മീഡിയം സ്‌കൂളുകളുടെ പ്രവർത്തന സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഫെബ്രുവരി 19 മുതൽ മാർച്ച് 20 വരെ രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1.30 വരെയായിരിക്കും ക്ലാസുകൾ നടക്കുക. നഷ്ടപ്പെടുന്ന അധ്യയന സമയം പരിഹരിക്കുന്നതിനായി യു.പി, സെക്കൻഡറി സ്‌കൂളുകൾ ഒരു അധിക പ്രവൃത്തി ദിനം കൂടി പ്രവർത്തിക്കണം. പ്രൈമറി സ്‌കൂളുകൾ രണ്ട് പ്രവൃത്തി ദിവസങ്ങളിൽ 30 മിനിറ്റ് വീതം അധികമായി ക്ലാസുകൾ നടത്താനും നിർദേശമുണ്ട്.

Also read: