‘സച്ചിനും റീനുവും ഇനി വരില്ലേ?’; പ്രേമലു 2 ഉപേക്ഷിച്ചതായി റിപ്പോർട്ടുകൾ
കൊച്ചി: മലയാള സിനിമയിൽ വൻ തരംഗം സൃഷ്ടിച്ച ‘പ്രേമലു’വിന്റെ രണ്ടാം ഭാഗം ഉപേക്ഷിച്ചതായി സൂചന. സച്ചിനും റീനുവുമായി നസ്ലിനും മമിത ബൈജുവും വീണ്ടും എത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരിക്കെയാണ് സിനിമ ഉപേക്ഷിച്ചെന്ന വാർത്തകൾ പുറത്തുവരുന്നത്. തിരക്കഥയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നാണ് സിനിമാ മേഖലയിലെ സംസാരം. എന്നാൽ അണിയറപ്രവർത്തകർ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
2024 ഏപ്രിലിൽ വലിയ ആഘോഷത്തോടെയാണ് ‘പ്രേമലു 2’ പ്രഖ്യാപിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ഒരേസമയം ചിത്രം റിലീസ് ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ സാങ്കേതിക കാരണങ്ങളാൽ ചിത്രം ഉടനെ ഉണ്ടാകില്ലെന്ന് നിർമ്മാതാക്കളിൽ ഒരാളായ ദിലീഷ് പോത്തൻ നേരത്തെ സൂചിപ്പിച്ചിരുന്നു. സിനിമ എന്നെങ്കിലും സംഭവിക്കാം എന്ന പ്രതീക്ഷ പങ്കുവെച്ചെങ്കിലും, നിലവിലെ റിപ്പോർട്ടുകൾ ആരാധകരെ നിരാശരാക്കുന്നതാണ്.
ഏകദേശം 12.50 കോടി രൂപയ്ക്ക് നിർമ്മിച്ച് 135 കോടിയോളം ആഗോള കളക്ഷൻ നേടിയ ചിത്രമായിരുന്നു പ്രേമലു. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിൽ നസ്ലിനും മമിത ബൈജുവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഗിരീഷ് എ ഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിച്ച ചിത്രം ഭാവന സ്റ്റുഡിയോസാണ് നിർമിച്ചത്. നിലവിൽ നിവിൻ പോളിയെ നായകനാക്കി ഒരുക്കുന്ന ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് സംവിധായകൻ ഗിരീഷ് എ.ഡി.