രൂപയുടെ മൂല്യം വ്യവസായികൾക്ക് വേണ്ടി സർക്കാർ അറിഞ്ഞുകൊണ്ട് കുറയ്ക്കുന്നത്-സാബു എം. ജേക്കബ്
സാബു എം. ജേക്കബ്
കൊച്ചി: വ്യവസായികളെ സഹായിക്കാനായി കേന്ദ്രസർക്കാർ ബോധപൂർവം രൂപയുടെ മൂല്യം കുറയ്ക്കുകയാണെന്നും അതിൽ തെറ്റില്ലെന്നും ട്വന്റി-20 പ്രസിഡന്റ് സാബു എം. ജേക്കബ്. കൊച്ചിയിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അമേരിക്കയ്ക്ക് മുന്നിൽ മുട്ടുമടക്കുന്നതല്ല, മറിച്ച് ആഭ്യന്തര വ്യവസായികളെ സംരക്ഷിക്കാൻ സർക്കാർ സ്വീകരിക്കുന്ന തന്ത്രപരമായ നീക്കമാണ് രൂപയുടെ മൂല്യം കുറയ്ക്കൽ. ചൈന, വിയറ്റ്നാം, കംബോഡിയ തുടങ്ങിയ രാജ്യങ്ങളെല്ലാം തങ്ങളുടെ വ്യവസായങ്ങളെ സംരക്ഷിക്കാൻ ഇത്തരം നയങ്ങൾ സ്വീകരിക്കാറുണ്ട്. രൂപയുടെ വില കുറയുന്നത് വഴി വ്യവസായികൾക്ക് ലഭിക്കുന്ന സംരക്ഷണം നല്ലതല്ലേ എന്നും സാബു എം. ജേക്കബ് ചോദിച്ചു.
എൻ.ഡി.എ സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വാർത്താസമ്മേളനത്തിൽ സാബു എം. ജേക്കബ് വാനോളം പുകഴ്ത്തി. കഴിഞ്ഞ 12 വർഷത്തെ എൻ.ഡി.എ ഭരണത്തിൽ എന്ത് കലാപമാണ് രാജ്യത്തുണ്ടായതെന്ന് അദ്ദേഹം ചോദിച്ചു. 12 വർഷം മുൻപ് വിദേശത്ത് പോകുമ്പോൾ ഇന്ത്യക്കാരനെന്ന് പറയുന്നതിൽ അപകർഷതാബോധം ഉണ്ടായിരുന്നു. ഇന്ത്യക്കാരെ ദരിദ്രരായാണ് അവർ കണക്കാക്കിയിരുന്നത്. എന്നാൽ, ഇന്ന് ആ സ്ഥിതി മാറി. ഇന്ന് ഇന്ത്യ എന്ന പേരു കേൾക്കുമ്പോൾ പറയുന്ന പേര് മോദിജിയുടേതാണ്. ഇന്ന് ലോകത്തിന് മുന്നിൽ അന്തസോടെ തലയുയർത്തി നിൽക്കാൻ കഴിയുന്നത് മോദി കാരണമാണ്. ട്രംപ് കഴിഞ്ഞാൽ ലോകം അറിയുന്ന നേതാവ് മോദിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.