ആർഎസ്എസ് ശതാബ്ദി പരിപാടിയിൽ ബോളിവുഡ് നടൻ സൽമാൻ ഖാനും
മുംബൈ: രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (RSS) 100-ാംവാർഷികത്തോടനുബന്ധിച്ച് മുംബൈയിൽ സംഘടിപ്പിച്ച ‘ന്യൂ ഹൊറൈസൺസ്’ പ്രഭാഷണ പരമ്പരയിൽ ബോളിവുഡ് താരം സൽമാൻ ഖാനും. താരങ്ങളായ സൽമാൻ ഖാൻ, രൺബീർ കപൂർ എന്നിവരടക്കം സിനിമ, ശാസ്ത്രം, വ്യവസായം തുടങ്ങിയ വിവിധ മേഖലകളിലെ 900ലധികം പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് മുഖ്യപ്രഭാഷണം നടത്തി.
രാജ്യം പുതിയൊരു സാമ്പത്തിക മാതൃക പിന്തുടരണമെന്നും സ്വദേശി ജീവിതശൈലി ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്നും മോഹൻ ഭാഗവത് ആഹ്വാനം ചെയ്തു. ആഗോളതലത്തിൽ രാജ്യങ്ങൾ തമ്മിലുള്ള പരസ്പരാശ്രിതത്വം നിലനിൽക്കുമ്പോഴും അത് സമ്മർദ്ദങ്ങൾക്കോ വ്യാപാര യുദ്ധങ്ങൾക്കോ വഴിമാറരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വിദേശത്ത് നിന്നുള്ള ഇറക്കുമതി നിയന്ത്രിച്ച് പ്രാദേശിക ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ മാത്രമേ രാജ്യത്തിന്റെ സമ്പത്ത് അതിർത്തിക്കുള്ളിൽ നിലനിർത്താൻ സാധിക്കൂ എന്ന് അദ്ദേഹം പറഞ്ഞു.
ഭാഷ, വസ്ത്രം, ഭക്ഷണം, ടൂറിസം, വീട് എന്നീ അഞ്ച് കാര്യങ്ങളിൽ സ്വദേശി ശീലങ്ങൾ പാലിക്കാൻ കുടുംബങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു. ‘വീട്ടിൽ മാതൃഭാഷ സംസാരിക്കുക, ഇന്ത്യൻ വസ്ത്രങ്ങൾ ധരിക്കുക, വിദേശ യാത്രകൾക്ക് മുൻപ് രാജ്യത്തെ തീർത്ഥാടനപൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കുക’ എന്നിവ അദ്ദേഹം നിർദ്ദേശിച്ചു. കോള പോലുള്ള വിദേശ പാനീയങ്ങൾക്ക് പകരം നാരങ്ങാവെള്ളം (ഷിക്കഞ്ചി) പോലുള്ള നാടൻ പാനീയങ്ങൾ തെരഞ്ഞെടുക്കുന്ന ലളിതമായ മാറ്റങ്ങൾ പോലും വലിയ സ്വാധീനം ചെലുത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്ലാസ്റ്റിക് ഉപയോഗം കുറച്ച് പരിസ്ഥിതി സൗഹൃദമായ രീതികൾ പിന്തുടരണമെന്നും ഇന്ത്യൻ കുടുംബ മൂല്യങ്ങൾ സംരക്ഷിക്കാൻ കുട്ടികളുമായി നിരന്തരം സംഭാഷണങ്ങളിൽ ഏർപ്പെടണമെന്നും ഭാഗവത് കൂട്ടിച്ചേർത്തു. ഭാരതത്തിന്റെ കരുത്തിൽ വിശ്വസിച്ച് ഉൽപ്പാദനം വർദ്ധിപ്പിച്ചാൽ ലോകം ഭാരതത്തിലേക്ക് വരുമെന്ന സന്ദേശത്തോടെയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.