02/03/2026
[fontresizer_tawhidurrahmandear_widget]

ആദർശധ്വജം വാനിലുയർന്നു; സമസ്ത ശതാബ്ദി മഹാസംഗമത്തിന് പ്രൗഢോജ്ജ്വല തുടക്കം

 ആദർശധ്വജം വാനിലുയർന്നു; സമസ്ത ശതാബ്ദി മഹാസംഗമത്തിന് പ്രൗഢോജ്ജ്വല തുടക്കം

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ സമ്മേളനത്തിന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നു

കാസർകോട്: വിശ്വാസിയുടെ ആത്മഹർഷം വാനോളമുയർത്തി, തക്ബീർ ധ്വനികൾ മുഖരിതമായ അന്തരീക്ഷത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികാഘോഷങ്ങൾക്ക് കുണിയയിൽ പ്രൗഢോജ്ജ്വല തുടക്കം. വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ സജ്ജമാക്കിയ 100 കൊടിമരങ്ങളിൽ മൂവർണ പതാകകൾ പാറിപ്പറന്നതോടെ ചരിത്രപരമായ ശതാബ്ദി സമ്മേളനത്തിന് ഔദ്യോഗിക ആരംഭമായി.

ഇന്ന് വൈകുന്നേരം നടന്ന ചടങ്ങിൽ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രധാന കൊടിമരത്തിൽ പതാക ഉയർത്തി. തൊട്ടടുത്ത് ഒരേ ഉയരത്തിൽ ക്രമീകരിച്ച 99 കൊടിമരങ്ങളിൽ സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, ട്രഷറർ പി.പി ഉമർ മുസ്ലിയാർ കൊയ്യോട്, എം.ടി അബ്ദുല്ല മുസ്ലിയാർ, മറ്റ് മുശാവറ അംഗങ്ങൾ, കീഴ്ഘടകങ്ങളുടെ നേതാക്കൾ എന്നിവർ ഒരേസമയം പതാക ഉയർത്തിയത് നയനമനോഹരമായ കാഴ്ചയായി.

തുടർന്നു നടന്ന പ്രൗഢചടങ്ങിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. ഈജിപ്തിലെ കെയ്റോ ഇസ്ലാമിക് റിസർച്ച് അസംബ്ലി സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അബ്ദു ദാഇം അൽ ജുൻദി മുഖ്യാതിഥിയായി.

ഉച്ചയ്ക്ക് രണ്ട് മണിക്ക് തളങ്കരയിൽ നിന്ന് ഘോഷയാത്രയായി എത്തിച്ച പതാകകൾ, 3331 വളണ്ടിയർമാരുടെ റൂട്ട് മാർച്ചോടെയാണ് സമ്മേളന നഗരിയിലേക്ക് ആനയിച്ചത്. 1926-ൽ കോഴിക്കോട് രൂപീകൃതമായ സമസ്ത എന്ന മഹത്തായ പ്രസ്ഥാനം വൈജ്ഞാനിക വിപ്ലവത്തിന്റെ ഒരു നൂറ്റാണ്ട് പിന്നിടുന്നതിന്റെ ഓർമപ്പെടുത്തലായി ‘ആദർശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ’ എന്ന പ്രമേയത്തിലൂന്നിയാണ് സമ്മേളനം നടക്കുന്നത്.

അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ വ്യാഴാഴ്ച 10,000 പ്രബോധകർ പങ്കെടുക്കുന്ന ദാഈ ക്യാമ്പും വെള്ളിയാഴ്ച 33,313 പേർ പങ്കെടുക്കുന്ന പഠന ക്യാമ്പും നടക്കും. ഞായറാഴ്ച നടക്കുന്ന സമാപന മഹാസമ്മേളനത്തോടെ ശതാബ്ദി ആഘോഷങ്ങൾക്ക് തിരശ്ശീല വീഴും.

Also read: