06/03/2026
[fontresizer_tawhidurrahmandear_widget]

ആണവ കേന്ദ്രങ്ങൾ മറച്ച് ഇറാൻ; നതാൻസിലും ഇസ്ഫഹാനിലും രഹസ്യ നീക്കങ്ങൾ എന്ത്?-സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത്

 ആണവ കേന്ദ്രങ്ങൾ മറച്ച് ഇറാൻ; നതാൻസിലും ഇസ്ഫഹാനിലും രഹസ്യ നീക്കങ്ങൾ എന്ത്?-സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത്

തെഹ്‌റാൻ: യുദ്ധഭീഷണി മുഴക്കി യുഎസ് പടക്കപ്പലുകൾ പശ്ചിമേഷ്യയിൽ നിലയുറപ്പിച്ചതിനു പിന്നാലെ ആണവ കേന്ദ്രങ്ങളിൽ രഹസ്യനീക്കങ്ങളുമായി ഇറാൻ. കഴിഞ്ഞ ജൂണിൽ ഇസ്രയേലും അമേരിക്കയും ചേർന്ന് നടത്തിയ ആക്രമണത്തിൽ തകർന്ന തന്ത്രപ്രധാനമായ ആണവ കേന്ദ്രങ്ങളിൽ ഇറാൻ പുതിയ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്തുവന്നു. ഇസ്ഫഹാൻ, നതാൻസ് എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങളിലെ തകർന്ന കെട്ടിടങ്ങൾക്ക് മുകളിൽ പുതിയ മേൽക്കൂരകൾ നിർമിച്ചതായാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. പ്ലാനറ്റ് ലാബ്സ് പിബിസിയുടെ സാറ്റലൈറ്റ് ദൃശ്യങ്ങൾ ഉദ്ധരിച്ച് ‘അസോസിയേറ്റഡ് പ്രസ്’ ആണ് വാർത്ത പുറത്തുവിട്ടത്.

ജൂണിൽ നടന്ന 12 ദിവസത്തെ യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഈ കേന്ദ്രങ്ങളിൽ കാര്യമായ ചലനങ്ങൾ നടക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. അന്താരാഷ്ട്ര ആണവോർജ ഏജൻസി(ഐഎഇഎ) ഉദ്യോഗസ്ഥർക്ക് ഇവിടേക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. അതിനാൽ, അവശേഷിക്കുന്ന സമ്പുഷ്ട യുറേനിയം ഉൾപ്പെടെയുള്ള വസ്തുക്കൾ ഉപഗ്രഹങ്ങളുടെ കണ്ണിൽപ്പെടാതെ നീക്കം ചെയ്യാനാണ് ഈ മേൽക്കൂരകൾ നിർമിച്ചതെന്ന് വിദഗ്ധർ വിലയിരുത്തുന്നു. പുനർനിർമാണമല്ല, മറിച്ച് അവശേഷിക്കുന്നത് എന്താണെന്ന് അമേരിക്കയും ഇസ്രയേലും കാണാതെ വീണ്ടെടുക്കാനുള്ള ശ്രമമാണിതെന്നാണ് വാഷിങ്ടൺ ആസ്ഥാനമായുള്ള ഫൗണ്ടേഷൻ ഫോർ ഡിഫൻസ് ഓഫ് ഡെമോക്രസീസ് വിദഗ്ധ ആൻഡ്രിയ സ്ട്രിക്കർ വിലയിരുത്തുന്നത്.

ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണത്തിന്റെ സിരാകേന്ദ്രമായിരുന്ന നതാൻസിലെ പൈലറ്റ് ഫ്യുവൽ എൻറിച്ച്മെന്റ് പ്ലാന്റിന്റെ ഒരു ഭാഗം 2025 ജൂൺ 13-ന് ഇസ്രയേൽ ആക്രമണത്തിൽ തകർന്നിരുന്നു. പിന്നീട് ജൂൺ 22-ന് അമേരിക്കൻ ബങ്കർ ബസ്റ്റിങ് ബോംബുകളും ഇവിടെ പതിച്ചു. ഡിസംബറോടെയാണ് തകർന്ന കെട്ടിടത്തിന് മുകളിൽ ഇറാൻ പുതിയ മേൽക്കൂര പണിതത്. കൂടാതെ, നതാൻസിന് സമീപമുള്ള ‘പിക്കാക്‌സ് മൗണ്ടൻ’ പ്രദേശത്ത് പുതിയ ഭൂഗർഭ ആണവ കേന്ദ്രത്തിനായുള്ള ഖനന പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്.

ഇസ്ഫഹാനിൽ സെൻട്രിഫ്യൂജ് നിർമാണവുമായി ബന്ധപ്പെട്ടതെന്ന് കരുതുന്ന കെട്ടിടത്തിന് മുകളിലും സമാനമായ മേൽക്കൂര നിർമിച്ചിട്ടുണ്ട്. മിസൈൽ ആക്രമണങ്ങളെ ചെറുക്കാൻ മലയിടുക്കുകളിലെ ടണലുകളിൽ മണ്ണ് നിറയ്ക്കുകയും ചിലതിൽ സുരക്ഷാ ഭിത്തികൾ നിർമിക്കുകയും ചെയ്തതായി ‘എ.പി’ റിപ്പോർട്ടിൽ പറയുന്നു.

ഇതിനിടെ, തെഹ്റാനിലെ പാർച്ചിനിലുള്ള സൈനിക കേന്ദ്രത്തിലും (തലേഖാൻ 2) നിർമാണങ്ങൾ നടക്കുന്നുണ്ട്. 2024 ഒക്ടോബറിൽ ഇസ്രയേൽ തകർത്ത ഈ കേന്ദ്രം അതിവേഗം പുനർനിർമിക്കുകയാണ്. ആണവായുധ പരീക്ഷണങ്ങൾക്ക് ഉപയോഗിക്കാവുന്ന സ്‌ഫോടകവസ്തുക്കൾ പരീക്ഷിക്കുന്നതിനുള്ള ചേമ്പർ ഇവിടെ സജ്ജമാക്കുന്നതായി അമേരിക്കയും ഇസ്രയേലും സംശയിക്കുന്നുണ്ട്.

ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ചർച്ചയ്ക്ക് തയ്യാറാകണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രക്ഷോഭകർക്ക് നേരെയുള്ള അടിച്ചമർത്തൽ തുടർന്നാൽ സൈനിക നടപടി ഉണ്ടാകുമെന്ന സൂചന നൽകി യുഎസ്എസ് എബ്രഹാം ലിങ്കൺ ഉൾപ്പെടെയുള്ള യുദ്ധക്കപ്പലുകൾ ഗൾഫ് മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. എന്നാൽ, തങ്ങളുടെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കാണെന്ന് ഇറാൻ ആവർത്തിക്കു്‌നു. എന്നാൽ, 60 ശതമാനം വരെ യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള ശേഷി അവർക്കുണ്ടെന്നത് പാശ്ചാത്യ രാജ്യങ്ങളെ ആശങ്കയിലാക്കുന്നുണ്ട്.

Also read: