ദീപക് കുമാറിന് പിന്തുണയുമായി 15 സുപ്രീം കോടതി അഭിഭാഷകർ; ജിമ്മിൽ അംഗത്വമെടുത്തു, സൗജന്യ നിയമസഹായം
ദീപക് കുമാര്‍
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ കോട്ദ്വാറിൽ ഹിന്ദുത്വ സംഘത്തിൽനിന്ന് മുസ്ലിം വ്യാപാരിയെ സംരക്ഷിച്ചതിന് ഭീഷണി നേരിടുന്ന ജിം ഉടമ ദീപക് കുമാറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകർ. വിദ്വേഷ പ്രചാരണത്തെത്തുടർന്ന് പ്രതിസന്ധിയിലായ ദീപക്കിന്റെ ‘ഹൾക്ക്’ ജിമ്മിൽ 15 മുതിർന്ന അഭിഭാഷകർ അംഗത്വമെടുത്തു.
ജനുവരി 26-ന് കോട്ട്ദ്വാറിലെ പട്ടേൽ മാർഗിലുള്ള ‘ബാബ’ എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബജ്‌റങ്ദൾ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. 70 വയസ്സുകാരനായ വക്കീൽ അഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ഈ കടയ്ക്ക് മുന്നിലെത്തിയ പ്രതിഷേധക്കാരെ ദീപക് കുമാർ തടയുകയായിരുന്നു. പ്രതിഷേധക്കാർ പേരു ചോദിച്ചപ്പോൾ ‘മുഹമ്മദ് ദീപക്’ എന്നു പറഞ്ഞതും ആക്രമികളെ പിന്തിരിപ്പിച്ചതുമെല്ലാം ദേശീയതലത്തിൽ വലിയ തോതിൽ വൈറലായിരുന്നു.
ഇതിനുപിന്നാലെ ദീപക്കിനെതിരെ വ്യാപകമായ വിദ്വേഷ പ്രചാരണമാണു നടക്കുന്നത്. ഭീഷണിയെ തുടർന്ന് അദ്ദേഹത്തിൻരെ ജിമ്മിലെ അംഗങ്ങൾ കൂട്ടത്തോടെ പിരിഞ്ഞുപോയി. 150-ഓളം അംഗങ്ങളുണ്ടായിരുന്ന ജിമ്മിൽ ഇപ്പോൾ വെറും 12-15 പേർ മാത്രമാണ് അവശേഷിക്കുന്നതെന്ന് ‘ഇന്ത്യൻ എക്‌സ്പ്രസ്’ റിപ്പോർട്ട് ചെയ്തിരുന്നു.
ഈ വാർത്തകൾക്കു പിന്നാലെയാണ് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകർ ഐക്യദാർഢ്യവുമായി രംഗത്തെത്തിയത്. 10,000 രൂപ വീതം വാർഷിക വരിസംഖ്യ നൽകി ഇവർ ജിമ്മിൽ അംഗത്വമെടുത്തു. അഭിഭാഷകരുടെ പേരിൽ ലഭിക്കുന്ന മെമ്പർഷിപ്പ് കാർഡുകൾ ഉപയോഗിച്ച്, ഫീസ് നൽകാൻ കഴിയാത്ത പ്രാദേശിക കായിക പ്രേമികൾക്ക് ജിമ്മിൽ സൗജന്യമായി പരിശീലനം നൽകും.
ദീപക്കിന് നേരെ ഭീഷണികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സൗജന്യ നിയമസഹായം നൽകാനും അഭിഭാഷകർ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഒരു വ്യക്തിയുടെ ഉപജീവനമാർഗം വരെ തകർക്കുന്ന വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ അഭിഭാഷക സമൂഹം ദീപക്കിനൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് ഒരു അഭിഭാഷകൻ പ്രതികരിച്ചു.
ദീപക്കിനെ ‘പാഠം പഠിപ്പിക്കും’ എന്ന് ഭീഷണിപ്പെടുത്തി ഹിന്ദു രക്ഷാദൾ പ്രവർത്തകർ പുറത്തുവിട്ട വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കോട്ട്ദ്വാറിലേക്ക് മാർച്ച് നടത്തുമെന്ന പ്രഖ്യാപനത്തെത്തുടർന്ന് പ്രാദേശിക ഭരണകൂടം കനത്ത ജാഗ്രതയിലാണ്. അക്രമങ്ങൾ തടയാൻ പോലീസ് കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ദീപക്കിനെ വധിക്കുന്നവർക്ക് ചില ഹിന്ദുത്വ സംഘങ്ങൾ ലക്ഷങ്ങൾ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.