ബിജെപി കാലത്തെ ‘വോട്ട് കൊള്ള’ പിടിക്കാൻ സിദ്ധരാമയ്യ സർക്കാർ; മുതിർന്ന അഭിഭാഷകനെ ഇറക്കി സുപ്രധാന നീക്കം
ബെംഗളൂരു: കർണാടക രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിക്കാൻ പോകുന്ന സുപ്രധാന നീക്കവുമായി സിദ്ധരാമയ്യ സർക്കാർ. 2022-ലെ ഏറെ വിവാദം സൃഷ്ടിച്ച വോട്ടർ സർവേയുമായി ബന്ധപ്പെട്ട കേസ് പൊടിതട്ടിയെടുത്ത് ബിജെപിക്ക് കുരുക്കിടാനാണ് കോൺഗ്രസിന്റെ പുതിയ നീക്കം. കഴിഞ്ഞ ബിജെപി ഭരണകാലത്ത് വോട്ടർമാരുടെ വ്യക്തിവിവരങ്ങൾ സ്വകാര്യ ഏജൻസി നിയമവിരുദ്ധമായി ശേഖരിച്ചെന്ന കേസിൽ പുനരന്വേഷണം നടത്താനാണു നീക്കം നടക്കുന്നത്.
2023-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ബെംഗളൂരു മുനിസിപ്പൽ കോർപറേഷനു കീഴിൽ വോട്ടർ ബോധവൽക്കരണ പരിപാടികൾ നടത്തുന്നതിനായി ‘ചിലുമെ എജ്യൂക്കേഷണൽ കൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെന്റ് ട്രസ്റ്റ്’ എന്ന എൻജിഒയെ ചുമതലപ്പെടുത്തിയിരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ‘സ്വീപ്’ പദ്ധതിയുടെ ഭാഗമായാണ് ഇവർക്ക് അനുമതി നൽകിയത്. എന്നാൽ, സർക്കാർ ഉദ്യോഗസ്ഥരെന്ന വ്യാജേന വീടുകളിൽ എത്തിയ ചിലുമെ ട്രസ്റ്റ് പ്രവർത്തകർ വോട്ടർമാരുടെ ആധാർ നമ്പർ, ഫോൺ നമ്പർ, ജാതി, വിദ്യാഭ്യാസ യോഗ്യത, രാഷ്ട്രീയ ചായ്വ് തുടങ്ങിയ അതീവ രഹസ്യമായ വിവരങ്ങൾ ‘ഡിജിറ്റൽ സമീക്ഷ’ എന്ന സ്വകാര്യ ആപ്പ് വഴി ശേഖരിച്ചുവെന്നാണ് കണ്ടെത്തൽ.
ബെംഗളൂരു സൗത്ത്, മഹാദേവപുര തുടങ്ങിയ മണ്ഡലങ്ങളിൽ പതിനായിരക്കണക്കിന് വോട്ടർമാരെ പട്ടികയിൽനിന്ന് നീക്കം ചെയ്യാനും പുതിയ വോട്ടർമാരെ തിരുകിക്കയറ്റാനും ഈ വിവരങ്ങൾ ഉപയോഗിച്ചതായി അന്ന് പ്രതിപക്ഷമായിരുന്ന കോൺഗ്രസ് ആരോപിച്ചിരുന്നു. ഈ വിവാദം ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പോലീസിനോട് കേസെടുക്കാൻ നിർദേശിച്ചത്.
2022 നവംബറിൽ ഹൽസൂർഗേറ്റ്, കടുഗോഡി പോലീസ് സ്റ്റേഷനുകളിലായി രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ ബിബിഎംപി ഉദ്യോഗസ്ഥരും ചിലുമെ ട്രസ്റ്റ് ഭാരവാഹികളും ഉൾപ്പെടെ പലരും അറസ്റ്റിലാവുകയും ചെയ്തു. എന്നാൽ, 2022 ഡിസംബർ 22-ന് കർണാടക ഹൈക്കോടതി ഈ കേസുകളിലെ തുടർനടപടികൾ സ്റ്റേ ചെയ്തു. കേസിൽ പ്രതികളായ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരും ചിലുമെ ട്രസ്റ്റ് ഭാരവാഹികളും നൽകിയ ഹരജിയെത്തുടർന്നായിരുന്നു കോടതി ഇടപെടൽ. ഇതോടെ കഴിഞ്ഞ രണ്ട് വർഷമായി കേസ് അനിശ്ചിതത്വത്തിലായിരുന്നു.
കേസിലെ നിയമതടസങ്ങൾ നീക്കി അന്വേഷണം പുനരാരംഭിക്കാനാണ് സിദ്ധരാമയ്യ സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി മുൻ അഡ്വക്കേറ്റ് ജനറൽ പ്രൊഫ. രവി വർമ കുമാറിനെ സ്പെഷ്യൽ കൗൺസിലായി സർക്കാർ നിയമിച്ചു. ഹൈക്കോടതിയിലെ സ്റ്റേ നീക്കം ചെയ്യുന്നതിനായി സർക്കാർ ശക്തമായ എതിർസത്യവാങ്മൂലം സമർപ്പിക്കും. വോട്ടർമാരുടെ സ്വകാര്യത ലംഘിച്ചതും ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാൻ ശ്രമിച്ചതും അതീവ ഗൗരവകരമായ കാര്യമാണെന്ന് സർക്കാർ കോടതിയിൽ വാദിക്കും. ഫെബ്രുവരി നാലിന് കേസ് പരിഗണിച്ച ഹൈക്കോടതി, സർക്കാരിന് സത്യവാങ്മൂലം സമർപ്പിക്കാൻ രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.
ചിലുമെ ട്രസ്റ്റിന് ബിജെപി നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും അന്നത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ഓഫീസിന് ഇതിൽ പങ്കുണ്ടെന്നുമാണ് കോൺഗ്രസ് ആരോപിക്കുന്നത്. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകൾക്കും ലോക്സഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾക്കും പിന്നാലെ ഈ കേസ് വീണ്ടും ചർച്ചയാകുന്നത് ബിജെപിയെ പ്രതിരോധത്തിലാക്കും. വോട്ടർ പട്ടികയിൽനിന്ന് ലക്ഷക്കണക്കിന് പേരെ ഒഴിവാക്കാൻ ശ്രമം നടന്നുവെന്ന സിഐഡി റിപ്പോർട്ടിലെ കണ്ടെത്തലുകൾ പുറത്തുവരുന്നതോടെ കർണാടക രാഷ്ട്രീയത്തിൽ വരുംദിവസങ്ങളിൽ വലിയ തർക്കങ്ങൾക്കും കേസ് കാരണമാകും.
സ്വകാര്യ വിവരങ്ങൾ വിദേശ സെർവറുകളിലേക്ക് കടത്തിയോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പുതിയ അന്വേഷണത്തിൽ വ്യക്തമാകേണ്ടതുണ്ട്. ജനാധിപത്യത്തിന്റെ കാവലാളാകേണ്ട തെരഞ്ഞെടുപ്പ് സംവിധാനങ്ങളെ അട്ടിമറിക്കാൻ നടന്ന ഈ നീക്കത്തിന്റെ യഥാർത്ഥ ഗുണഭോക്താക്കൾ ആരാണെന്ന് കണ്ടെത്തുകയാണ് സിദ്ധരാമയ്യ സർക്കാരിന്റെ ലക്ഷ്യം.