02/03/2026
[fontresizer_tawhidurrahmandear_widget]

പ്രവാസം കഴിഞ്ഞ് അധികാരത്തിലേക്ക്; ബംഗ്ലാദേശിൽ താരിഖ് റഹ്മാന്റെ നേതൃത്വത്തിൽ ബിഎൻപിക്ക് ചരിത്രവിജയം

 പ്രവാസം കഴിഞ്ഞ് അധികാരത്തിലേക്ക്; ബംഗ്ലാദേശിൽ താരിഖ് റഹ്മാന്റെ നേതൃത്വത്തിൽ ബിഎൻപിക്ക് ചരിത്രവിജയം

ധാക്ക: കടുത്ത രാഷ്ട്രീയ പ്രതിസന്ധികൾക്കും പ്രക്ഷോഭങ്ങൾക്കും ശേഷം നടന്ന പൊതുതെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണൽ പാർട്ടി (ബിഎൻപി) വൻ വിജയത്തിലേക്ക്. ആകെയുള്ള 300 സീറ്റുകളിൽ 212 എണ്ണം നേടി ബിഎൻപി ശക്തമായ ഭൂരിപക്ഷം ഉറപ്പിച്ചു. ഇതോടെ 17 വർഷത്തെ പ്രവാസത്തിന് ശേഷം തിരിച്ചെത്തിയ താരിഖ് റഹ്മാൻ ബംഗ്ലാദേശിന്റെ പുതിയ പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായി.

അതേസമയം, സഖ്യകക്ഷിയായ ജമാഅത്തെ ഇസ്ലാമി 70 സീറ്റുകൾ നേടിയെങ്കിലും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായില്ല. തോൽവി സമ്മതിച്ച ജമാഅത്ത് നേതാവ് ഷഫീഖുർ റഹ്മാൻ, വരുംദിവസങ്ങളിൽ പോസിറ്റീവ് രാഷ്ട്രീയമാകും തങ്ങൾ പിന്തുടരുക എന്ന് വ്യക്തമാക്കി.

പുതിയ സർക്കാർ അധികാരമേൽക്കുന്നതോടെ നോബൽ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണകൂടം സ്ഥാനമൊഴിയും. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെ തിരഞ്ഞെടുപ്പിൽ നിന്നും വിലക്കിയിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് തികച്ചും വഞ്ചനാപരമാണെന്നും വോട്ടർമാരുടെ പങ്കാളിത്തം കുറവാണെന്നും ആരോപിച്ച് ഹസീന തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലം പൂർണ്ണമായി പുറത്തുവരുന്നതിന് മുൻപേ തന്നെ ബിഎൻപിയെയും താരിഖ് റഹ്മാനെയും അഭിനന്ദിച്ചുകൊണ്ട് അമേരിക്കയും ഇന്ത്യയും രംഗത്തെത്തി. ധാക്കയിലെ യു.എസ് എംബസിയാണ് ബിഎൻപിയുടെ ‘ചരിത്രപരമായ വിജയത്തെ’ സ്വാഗതം ചെയ്തത്. ബംഗ്ലാദേശിലെ രാഷ്ട്രീയ മാറ്റങ്ങളെ ഇന്ത്യ അതീവ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്. പുതിയ സർക്കാരിന് കീഴിൽ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതടക്കമുള്ള വിഷയങ്ങളിൽ ഇന്ത്യ നിലപാട് വ്യക്തമാക്കാനിരിക്കുകയാണ്.

Also read: