02/03/2026
[fontresizer_tawhidurrahmandear_widget]

‘കണക്ക് പുറത്തുവിടുന്നത് രക്തസാക്ഷിയുടെ കുടുംബത്തെ അപമാനിക്കുന്നതിന് തുല്യം; സ്യമന്തകം ശ്രീകൃഷ്ണൻ കട്ടു എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ?’- ടി.ഐ മധുസൂദനൻ എംഎൽഎ

 ‘കണക്ക് പുറത്തുവിടുന്നത് രക്തസാക്ഷിയുടെ കുടുംബത്തെ അപമാനിക്കുന്നതിന് തുല്യം; സ്യമന്തകം ശ്രീകൃഷ്ണൻ കട്ടു എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ?’- ടി.ഐ മധുസൂദനൻ എംഎൽഎ

കണ്ണൂർ: സി.പി.എമ്മിനെ പിടിച്ചുലച്ച പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് ടി.ഐ മധുസൂദനൻ എം.എൽ.എ. രക്തസാക്ഷികളുടെ ഫണ്ട് ആർക്കും തട്ടിയെടുക്കാൻ കഴിയില്ലെന്നും, കണക്കുകൾ പുറത്തുവിടുന്നത് ആ കുടുംബങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ പുരാണത്തിലെ സ്യമന്തക രത്‌നത്തിന്റെ കഥയുമായി ഉപമിച്ചായിരുന്നു മധുസൂദനന്റെ പ്രതികരണം.

എം.എൽ.എ നയിക്കുന്ന രാഷ്ട്രീയ ജാഥ, പരാതിക്കാരനായ വി. കുഞ്ഞികൃഷ്ണന്റെ നാടായ വെള്ളൂരിലെത്തിയപ്പോഴാണ് മധുസൂദനൻ പരസ്യ പ്രതികരണത്തിന് തയ്യാറായത്. ‘സ്യമന്തക രത്‌നം ശ്രീകൃഷ്ണൻ കട്ടു എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? രക്തസാക്ഷികളുടെ കുടുംബങ്ങളെ സഹായിക്കാൻ സമാഹരിച്ച തുകയുടെ കണക്ക് ചർച്ചയാക്കുന്നത് ആ കുടുംബങ്ങളുടെ അന്തസ്സിനെ ബാധിക്കും. അത് അവരെ അപമാനിക്കുന്നതിന് തുല്യമാണ്’, അദ്ദേഹം വാദിച്ചു.

സി.പി.എം ഏതെങ്കിലും വ്യക്തിയുടെ നിയന്ത്രണത്തിലുള്ള പാർട്ടിയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു കമ്മ്യൂണിസ്റ്റുകാരന് രക്തസാക്ഷി ഫണ്ടിൽ നിന്ന് ഒരു നയാപൈസ പോലും തൊടാൻ കഴിയില്ലെന്നും മധുസൂദനൻ കൂട്ടിച്ചേർത്തു.

കൊല്ലപ്പെട്ട ധനരാജിന്റെ ജന്മനാടായ കുന്നുരുവിൽ ജാഥയ്ക്ക് ലഭിച്ച വികാരാധീനമായ സ്വീകരണം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സംസാരിച്ചത്. വാർത്തകൾ കണ്ട് വിഷമത്തോടെ വിളിച്ചവരോടെല്ലാം തനിക്ക് ഇതേ മറുപടിയാണ് നൽകാനുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.

പയ്യന്നൂർ ഏരിയ കമ്മിറ്റിക്കുള്ളിലെ വിഭാഗീയതയ്ക്കും വൻ വിവാദങ്ങൾക്കും കാരണമായ ഫണ്ട് തട്ടിപ്പ് കേസിലെ പ്രധാന ആരോപണവിധേയനായ മധുസൂദനൻ ആദ്യമായാണ് ഈ വിഷയത്തിൽ വിശദീകരണം നൽകുന്നത്.

Also read: