06/03/2026
[fontresizer_tawhidurrahmandear_widget]

അയ്യപ്പസംഗമം: ഊരാളുങ്കലിന് കരാർ നൽകിയത് മുൻകൂട്ടി; കണക്ക് 7.11 കോടി, കമ്മിഷണറുടേത് 4.9 കോടി; അധികബാധ്യത ഏറ്റെടുക്കില്ലെന്ന് ബോർഡ്

പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിന്റെ നടത്തിപ്പ് ചുമതല ഊരാളുങ്കൽ സൊസൈറ്റിയുടെ മേൽനോട്ടത്തിലുള്ള ഐഐഐസിക്ക് നൽകാൻ നേരത്തെ തീരുമാനിച്ചിരുന്നതായി ആലോചനായോഗത്തിന്റെ മിനിറ്റ്‌സ് വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ തൈക്കാട് ഗസ്റ്റ് ഹൗസിൽ ദേവസ്വം മന്ത്രി വി.എൻ വാസവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം എടുത്തത്. അക്രഡിറ്റഡ് ഏജൻസിയായതിനാൽ ടെൻഡർ നടപടികളില്ലാതെയാണ് ഊരാളുങ്കലിന് കരാർ നൽകിയത്. സെപ്റ്റംബർ 20ന് നടന്ന സംഗമത്തിൽ പ്രതിനിധികൾക്ക് പാസ് വിതരണം ചെയ്തതടക്കമുള്ള കാര്യങ്ങൾ നിർവ്വഹിച്ചത് ഊരാളുങ്കൽ ടാഗ് ധരിച്ച ജീവനക്കാരായിരുന്നു.

അതേസമയം, സംഗമത്തിന്റെ ചെലവ് സംബന്ധിച്ച് ദേവസ്വം ബോർഡും ഊരാളുങ്കൽ സൊസൈറ്റിയും തമ്മിൽ വലിയ തർക്കം നിലനിൽക്കുന്നുണ്ട്. 7.11 കോടി രൂപ ചെലവായെന്നാണ് ഊരാളുങ്കലിന്റെ കണക്ക്. എന്നാൽ ദേവസ്വം കമ്മിഷണറുടെ റിപ്പോർട്ട് പ്രകാരം ജിഎസ്ടി ഉൾപ്പെടെ 4.9 കോടി രൂപ മാത്രമാണ് ചെലവ് വരുന്നത്. ഈ സാഹചര്യത്തിൽ അധികമായി വരുന്ന ബാധ്യത ഏറ്റെടുക്കാൻ ബോർഡ് തയ്യാറായേക്കില്ല.

പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ബോർഡ് വിഭാവനം ചെയ്ത പരിപാടി സർക്കാർ ഏറ്റെടുത്തതോടെയാണ് വൻതോതിൽ വിപുലീകരിച്ചത്. എന്നാൽ സ്‌പോൺസർഷിപ്പ് തുക പിരിച്ചെടുക്കുന്നതിലോ ചെലവുകളുടെ കൃത്യമായ രേഖകൾ സൂക്ഷിക്കുന്നതിലോ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായും ആക്ഷേപമുണ്ട്. ഇന്ന് ചേരുന്ന ബോർഡ് യോഗം ഓഡിറ്റ് റിപ്പോർട്ടും സാമ്പത്തിക ബാധ്യതയും വിശദമായി ചർച്ച ചെയ്യും.

Also read: