25/04/2026
[fontresizer_tawhidurrahmandear_widget]

1917 ൽ മുത്തച്ഛൻ കടം കൊടുത്ത 35,000 രൂപ, ബ്രിട്ടൻ പലിശ ചേർത്ത് തിരിച്ച് തരണമെന്ന് ഇന്ത്യക്കാരനായ കൊച്ച് മകൻ

 1917 ൽ മുത്തച്ഛൻ കടം കൊടുത്ത 35,000 രൂപ, ബ്രിട്ടൻ പലിശ ചേർത്ത് തിരിച്ച് തരണമെന്ന് ഇന്ത്യക്കാരനായ കൊച്ച് മകൻ

ഭോപ്പാൽ: ഏകദേശം 109 വർഷങ്ങൾക്ക് മുമ്പ് ബ്രിട്ടീഷ് സർക്കാർ ഒരു ഇന്ത്യൻ ബിസിനസുകാരനിൽ നിന്ന് വാങ്ങിയ കടം പലിശ സഹിതം തിരിച്ചുകിട്ടണമെന്ന ആവശ്യവുമായി കുടുംബം രംഗത്തെത്തിയിരിക്കുന്നു. മധ്യപ്രദേശിലെ സെഹോർ സ്വദേശിയായ വിവേക് റുത്തിയയാണ് തന്റെ മുത്തച്ഛൻ നൽകിയ വായ്പ വീണ്ടെടുക്കാൻ ബ്രിട്ടീഷ് സർക്കാരിന് നിയമപരമായ നോട്ടീസ് അയക്കാൻ ഒരുങ്ങുന്നത്. 1917ൽ ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിൽ, ഭോപ്പാൽ നാട്ടുരാജ്യത്തെ പ്രമുഖ വ്യവസായിയായിരുന്ന സേത്ത് ജുമ്മലാൽ റുത്തിയയിൽ നിന്നാണ് അന്നത്തെ ഭരണകൂടം 35,000 രൂപ വായ്പയെടുത്തത്. ഭരണപരമായ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി യുദ്ധ വായ്പ എന്ന നിലയിലാണ് തുക കൈപ്പറ്റിയതെന്ന് രേഖകൾ സൂചിപ്പിക്കുന്നു.

തന്റെ പിതാവിന്റെ മരണശേഷം പഴയ കുടുംബ രേഖകളും വിൽപ്പത്രവും പരിശോധിച്ചപ്പോഴാണ് വായ്പ സംബന്ധിച്ച ഔദ്യോഗിക സർട്ടിഫിക്കറ്റുകളും പഴയ കത്തിടപാടുകളും വിവേക് റുത്തിയ കണ്ടെത്തിയത്. 1917ലെ 35,000 രൂപയ്ക്ക് ഇന്നത്തെ സ്വർണവിലയും വിപണി മൂല്യവും കണക്കാക്കിയാൽ കോടിക്കണക്കിന് രൂപ വരുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു. 1937ൽ സേത്ത് ജുമലാൽ റുത്തിയ അന്തരിച്ചതോടെ വിഷയം പരിഹരിക്കപ്പെടാതെ ദശകങ്ങളോളം വിസ്മൃതിയിലാണ്ടു പോവുകയായിരുന്നു. എന്നാൽ കണ്ടെത്തിയ പുതിയ രേഖകൾ ചരിത്രപരമായ കടത്തെ വീണ്ടും വെളിച്ചത്തുകൊണ്ടുവന്നിരിക്കുകയാണ്.

അന്താരാഷ്ട്ര നിയമതത്വങ്ങൾ പ്രകാരം പരമാധികാര രാഷ്ട്രങ്ങൾ മുൻപ് വരുത്തിയ കടങ്ങൾ തിരിച്ചടയ്ക്കാൻ ബാധ്യസ്ഥരാണെന്ന വാദമാണ് കുടുംബം ഉയർത്തുന്നത്. അത്തരം കേസുകൾ സങ്കീർണമാണെങ്കിലും ഡോക്യുമെന്ററി തെളിവുകളുടെ പിന്തുണയുള്ള ചരിത്രപരമായ അവകാശവാദങ്ങൾ നിയമപരമായ ചർച്ചകൾക്ക് വഴിയൊരുക്കുമെന്ന് വിദഗ്ധർ കരുതുന്നു. പ്രത്യേകിച്ചും കൊളോണിയൽ അധികാരികളും സ്വകാര്യ വ്യക്തികളും തമ്മിലുള്ള സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇത്തരം ഇടപാടുകൾ അപൂർവ്വമായ നിയമ പോരാട്ടത്തിനാണ് തുടക്കമിടുന്നത്.

സ്വാതന്ത്ര്യത്തിനുമുമ്പ് സെഹോറിലെയും ഭോപ്പാലിലെയും ഏറ്റവും പ്രമുഖരും സമ്പന്നരുമായ കുടുംബങ്ങളിലൊന്നായിരുന്നു റുത്തിയയുടേത്. ഭരണപരമായ സ്വാധീനത്തിനും സാമ്പത്തിക ശക്തിക്കും പേരുകേട്ട ഇവർക്ക് അക്കാലത്ത് വിശാലമായ ഭൂസ്വത്തുക്കളുണ്ടായിരുന്നു. നിലവിൽ കൃഷി, ഹോസ്പിറ്റാലിറ്റി, റിയൽ എസ്‌റ്റേറ്റ് മേഖലകളിൽ പ്രവർത്തിക്കുന്ന കുടുംബം പല പഴയ സ്വത്തു തർക്കങ്ങളിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിലും, യുദ്ധ വായ്പ തിരിച്ചുപിടിക്കുന്നത് തങ്ങളുടെ അവകാശമാണെന്ന ഉറച്ച തീരുമാനത്തിലാണ്.

Also read: