‘അമേരിക്കൻ പതാകയുള്ള കപ്പലുകൾ ഇറാൻ തീരത്തേക്ക് പോകരുത്’; കർശന മുന്നറിയിപ്പുമായി യുഎസ്
വാഷിങ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ, പേർഷ്യൻ ഗൾഫ് മേഖലയിലൂടെ സഞ്ചരിക്കുന്ന അമേരിക്കൻ വാണിജ്യ കപ്പലുകൾക്ക് അതീവ ജാഗ്രതാ നിർദേശം നൽകി അമേരിക്ക. ഇറാൻ സമുദ്രാതിർത്തിയിൽനിന്ന് പരമാവധി അകലം പാലിക്കാനും, ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രയിൽ ജാഗ്രത പുലർത്താനുമാണ് യുഎസ് മാരിടൈം അഡ്മിനിസ്‌ട്രേഷൻ കപ്പലുകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
ഇറാൻ സൈന്യം കപ്പലുകൾ പിടിച്ചെടുക്കാനോ തടഞ്ഞുവെക്കാനോ ഉള്ള സാധ്യത കണക്കിലെടുത്താണ് ഈ മുന്നറിയിപ്പ്. ഹോർമുസ് കടലിടുക്ക്, പേർഷ്യൻ ഗൾഫ്, ഒമാൻ ഉൾക്കടൽ എന്നീ മേഖലകളിലൂടെ സഞ്ചരിക്കുന്ന യുഎസ് പതാക ഘടിപ്പിച്ച കപ്പലുകൾ ഇറാൻ തീരത്തോട് അടുത്ത് സഞ്ചരിക്കുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
മേഖലയിൽ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ പുതിയ നീക്കം. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭീഷണികളും മേഖലയിലെ അസ്ഥിരതയും കണക്കിലെടുക്കുമ്പോൾ, ഇറാൻ തിരിച്ചടിക്കാനുള്ള സാധ്യത അമേരിക്ക മുന്നിൽ കാണുന്നുണ്ട്. മുൻകാലങ്ങളിൽ ഈ മേഖലയിൽ വെച്ച് ഇറാൻ വിദേശ കപ്പലുകൾ പിടിച്ചെടുത്ത സംഭവങ്ങളും അമേരിക്കൻ ഭരണകൂടത്തെ ആശങ്കയിലാക്കുന്നുണ്ട്.
ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ആഗോള വിപണിയെയും ആശങ്കയിലാഴ്ത്തുന്നതാണ്. കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായാൽ അത് എണ്ണവില വർദ്ധനവിനും കാരണമായേക്കാം.