02/03/2026
[fontresizer_tawhidurrahmandear_widget]

അതും പൊളിഞ്ഞു: സിപിഎം പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത് മന്ത്രിയുടെ ഗൺമാൻ; വീണാ ജോർജ് ആശുപത്രിയിൽ തുടരുന്നു

 അതും പൊളിഞ്ഞു: സിപിഎം പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത് മന്ത്രിയുടെ ഗൺമാൻ; വീണാ ജോർജ് ആശുപത്രിയിൽ തുടരുന്നു

കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിന് മർദനമേറ്റെന്ന് സ്ഥാപിക്കാനായി സിപിഎം കേന്ദ്രങ്ങൾ പ്രചരിപ്പിച്ച ദൃശ്യങ്ങൾ പാളുന്നു. കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രിയെ കൈയേറ്റം ചെയ്തുവെന്ന വാദവുമായി പുറത്തുവിട്ട ദൃശ്യങ്ങളിൽ മന്ത്രിയുടെ തൊട്ടടുത്ത് നിൽക്കുന്നത് ഗൺമാനാണെന്ന് വ്യക്തമായി. കറുത്ത വസ്ത്രം ധരിച്ച വ്യക്തി മന്ത്രിയെ ആക്രമിച്ചു എന്നായിരുന്നു സിപിഎം വാദം. എന്നാൽ മന്ത്രി വാഹനത്തിൽ നിന്നിറങ്ങിയത് മുതൽ ബാഗുമായി കൂടെയുള്ള ഗൺമാനാണ് ദൃശ്യങ്ങളിലുള്ളതെന്ന് സൂക്ഷ്മ പരിശോധനയിൽ തെളിഞ്ഞു. കെഎസ്‌യു പുറത്തുവിട്ട ദൃശ്യങ്ങളിൽ മന്ത്രിയും പ്രവർത്തകരും തമ്മിൽ അകലവുമുണ്ട്.

അതേസമയം, കഴുത്തിന് ക്ഷതമേറ്റതിനെത്തുടർന്ന് മന്ത്രി വീണാ ജോർജ് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സ തുടരുകയാണ്. എംആർഐ പരിശോധനയിൽ കഴുത്തിന് ക്ഷതമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുമൂലം കൈകൾക്കും കടുത്ത വേദന അനുഭവപ്പെടുന്നതിനാലാണ് ചികിത്സ തുടരാൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചത്. മന്ത്രിയുടെ നിലവിലെ ആരോഗ്യനില സംബന്ധിച്ച വിശദമായ മെഡിക്കൽ ബുള്ളറ്റിൻ ഉച്ചയോടെ ആശുപത്രി അധികൃതർ പുറത്തിറക്കും.

സംഭവത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് എം.സി അതുൽ ഉൾപ്പെടെ അഞ്ചുപേരെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ നിലവിലെ ദൃശ്യങ്ങളിൽ നിന്ന് ആക്രമണം നടന്നോ എന്ന കാര്യത്തിൽ പൊലീസിന് വ്യക്തത ലഭിച്ചിട്ടില്ല. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. ഈ ദൃശ്യങ്ങൾ പുറത്തുവരുന്നതോടെ മാത്രമേ കഴുത്തിന് എങ്ങനെ ക്ഷതമേറ്റു എന്നതിൽ വ്യക്തത വരികയുള്ളൂ.

മന്ത്രിയുടെയും സിപിഎമ്മിന്റെയും വാദങ്ങൾ പൊള്ളയാണെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടാൽ ഒരു പവൻ സ്വർണം സമ്മാനമായി നൽകുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ ആശുപത്രിയിലെത്തി മന്ത്രിയെ സന്ദർശിച്ചിരുന്നു.

Also read: