02/04/2026
[fontresizer_tawhidurrahmandear_widget]

സെക്രട്ടേറിയറ്റിലേക്ക് കാര്‍ ഓടിച്ചു കയറ്റിയ മൂന്നംഗ സംഘം പിടിയിൽ; ഗൂഗിള്‍ മാപ്പ് നോക്കിയാണ് വാഹനമോടിച്ചതെന്ന് യുവാക്കള്‍

 സെക്രട്ടേറിയറ്റിലേക്ക് കാര്‍ ഓടിച്ചു കയറ്റിയ മൂന്നംഗ സംഘം പിടിയിൽ; ഗൂഗിള്‍ മാപ്പ് നോക്കിയാണ് വാഹനമോടിച്ചതെന്ന് യുവാക്കള്‍

തിരുവനന്തപുരം: ഗൂഗിൾ മാപ്പ് നോക്കി വഴിതെറ്റിയെന്ന് അവകാശപ്പെട്ട് സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ചു കയറ്റാൻ ശ്രമിച്ച മൂന്ന് യുവാക്കൾ പൊലീസ് കസ്റ്റഡിയിൽ. കൊച്ചി സ്വദേശികളായ മൂന്ന് പേരെയാണ് കന്റോൺമെന്റ് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രി 7.45-ഓടെ സെക്രട്ടേറിയറ്റിന്റെ നാലാം ഗേറ്റായ കന്റോൺമെന്റ് ഗേറ്റിലായിരുന്നു നാടകീയ സംഭവങ്ങൾ.

കഴക്കൂട്ടത്തേക്ക് പോകുകയായിരുന്നുവെന്നും ഗൂഗിൾ മാപ്പിൽ ഹോട്ടൽ തിരഞ്ഞപ്പോൾ വഴി കാണിച്ചത് സെക്രട്ടേറിയറ്റിലേക്കാണെന്നുമാണ് യുവാക്കൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ, അതീവ സുരക്ഷാ മേഖലയായ ഗേറ്റിലേക്ക് വാഹനം ഇരച്ചു കയറ്റാൻ ശ്രമിച്ചതോടെ അവിടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ കാർ തടയുകയായിരുന്നു. ചോദ്യം ചെയ്യലിൽ യുവാക്കൾ പരസ്പരവിരുദ്ധമായ മറുപടികളാണ് നൽകിയത്.

പരിശോധനയിൽ വാഹനത്തിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. മദ്യലഹരിയിൽ വഴിതെറ്റിയതാണോ അതോ ബോധപൂർവ്വം സുരക്ഷാ മേഖലയിലേക്ക് കടക്കാൻ ശ്രമിച്ചതാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. യുവാക്കളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും വാഹനത്തിനെതിരെ നടപടിയുണ്ടാകുമെന്നും കന്റോൺമെന്റ് പൊലീസ് അറിയിച്ചു.

Also read: