28/03/2026
[fontresizer_tawhidurrahmandear_widget]

28 ദിവസത്തെ റീചാർജ് കൊള്ള അവസാനിക്കുന്നു; 30 ദിവസത്തെ പ്ലാനുകൾ സജീവമാക്കാൻ കേന്ദ്ര നിർദ്ദേശം

 28 ദിവസത്തെ റീചാർജ് കൊള്ള അവസാനിക്കുന്നു; 30 ദിവസത്തെ പ്ലാനുകൾ സജീവമാക്കാൻ കേന്ദ്ര നിർദ്ദേശം

ന്യൂഡൽഹി: ടെലികോം കമ്പനികൾ നൽകിവരുന്ന 28 ദിവസത്തെ റീചാർജ് പ്ലാനുകൾ വഴിയുള്ള ഉപഭോക്തൃ ചൂഷണം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ കർശന ഇടപെടൽ നടത്തുന്നു. പ്രതിമാസ പ്ലാനുകൾ എന്ന പേരിൽ നൽകുന്ന 28 ദിവസത്തെ വാലിഡിറ്റി കാരണം ഉപഭോക്താക്കൾ വർഷത്തിൽ 13 തവണ റീചാർജ് ചെയ്യേണ്ടി വരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി. ഉപഭോക്താക്കൾക്ക് പണത്തിന് അനുസരിച്ചുള്ള മൂല്യം ഉറപ്പാക്കാൻ 30 ദിവസത്തെ പ്ലാനുകൾ സജീവമായി പ്രോത്സാഹിപ്പിക്കാൻ ടെലികോം ഓപറേറ്റർമാരോട് ആവശ്യപ്പെട്ടതായി കേന്ദ്ര കമ്മ്യൂണിക്കേഷൻസ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പാർലമെന്റിൽ അറിയിച്ചു.

പാർലമെന്റിലെ തന്റെ ഇടപെടലുകൾ ഫലം കണ്ടുവെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. 2025 ഡിസംബറിലെ വിന്റർ സെഷനിലും 2026 മാർച്ചിലെ ബജറ്റ് സെഷനിലും ഈ അന്യായ സംവിധാനത്തിനെതിരെ താൻ ലോക്‌സഭയിൽ ശബ്ദമുയർത്തിയിരുന്നുവെന്നും, സാധാരണക്കാരുടെ സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ആം ആദ്മി പാർട്ടി എംപി രാഘവ് ഛദ്ദയും ഈ വിഷയം സഭയിൽ ഉന്നയിച്ചിരുന്നു.

നിലവിൽ ജിയോ, എയർടെൽ, വിഐ തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം 28 ദിവസത്തെ സൈക്കിളിലാണ് ഭൂരിഭാഗം പ്ലാനുകളും അവതരിപ്പിക്കുന്നത്. ഓരോ മാസവും 2 മുതൽ 3 ദിവസം വരെ കുറയുന്നതുവഴി വർഷാവസാനം ഒരു അധിക റീചാർജ് കൂടി ഉപഭോക്താക്കളുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്നു. ഈ അപാകത പരിഹരിക്കാൻ 30 ദിവസത്തെ പൂർണ വാലിഡിറ്റിയുള്ള കുറഞ്ഞത് ഒരു പ്ലാനെങ്കിലും എല്ലാ ഓപറേറ്റർമാരും നൽകണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) നേരത്തെ നിർദ്ദേശിച്ചിരുന്നു. എന്നാൽ കമ്പനികൾ ഇത് പലപ്പോഴും ഡാറ്റ-ഒൺലി പായ്ക്കുകളായോ അല്ലെങ്കിൽ പരിമിതമായ ആനുകൂല്യങ്ങളുള്ള പ്ലാനുകളായോ ആണ് അവതരിപ്പിക്കുന്നത്.

ഉപയോഗിക്കാത്ത ദൈനംദിന ഡാറ്റ അർധരാത്രിയിൽ ലാപ്സാകുന്നത് ഒഴിവാക്കണമെന്നും, കാലാവധി കഴിഞ്ഞാലും ഇൻകമിങ് സേവനങ്ങൾ നിശ്ചിത കാലയളവ് വരെ ലഭ്യമാക്കണമെന്നുമാണ് ഉയർന്നിട്ടുള്ള മറ്റ് പ്രധാന ആവശ്യങ്ങൾ. വരും ദിവസങ്ങളിൽ കൂടുതൽ സുതാര്യമായ താരിഫ് പ്ലാനുകൾ കമ്പനികൾക്ക് അവതരിപ്പിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Also read: