ഇസ്രയേലിന് വൻ തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ 4 സൈനികർ കൊല്ലപ്പെട്ടു
ബെയ്റൂത്ത്: പശ്ചിമേഷ്യൻ യുദ്ധത്തിനിടെ ഇസ്രയേലിന് കനത്ത തിരിച്ചടി. ഇറാനിലെ ആക്രമണത്തിനു മറവിൽ ഇസ്രയേൽ ലബനാനിൽ നടത്തുന്ന സൈനിക നടപടിക്കിടെ നാല് ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടു. തെക്കൻ ലബനാനിൽ ഇസ്രയേൽ നടത്തുന്ന കരയുദ്ധമാണ് അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് കടക്കുന്നത്. ഹിസ്ബുല്ല സംഘവുമായുള്ള രൂക്ഷമായ ഏറ്റുമുട്ടലിലിലാണു സൈനികർ കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ്(ഐഡിഎഫ്) സ്ഥിരീകരിച്ചു.
ഒരേ ബറ്റാലിയനിൽപ്പെട്ട മൂന്ന് സൈനികരും മറ്റൊരു ബറ്റാലിയനിലെ സൈനികനുമാണ് കൊല്ലപ്പെട്ടത്. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഒരു ഇടവേളയ്ക്കുശേഷം മാർച്ച് രണ്ടിന് ഇസ്രയേലും ഹിസ്ബുല്ലയും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടൽ പുനരാരംഭിച്ചതിന് ശേഷം ഇതുവരെ പത്ത് ഇസ്രയേൽ സൈനികരാണ് ലബനാൻ അതിർത്തിയിൽ കൊല്ലപ്പെട്ടത്. ഇസ്രയേൽ ആക്രമണത്തിൽ ലബനാനിൽ ഇതുവരെ 1,200-ലധികം പേർ കൊല്ലപ്പെടുകയും പത്ത് ലക്ഷത്തിലധികം ആളുകൾ പലായനം ചെയ്യേണ്ടി വരികയും ചെയ്തതായി ലബനീസ് ആരോഗ്യ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്.
അതിനിടെ, തെക്കൻ ലബനാനിലെ അധിനിവേശം കൂടുതൽ ശക്തമാക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തിങ്കളാഴ്ച സൈന്യത്തിന് ഉത്തരവിട്ടു. ലിതാനി നദി വരെയുള്ള പ്രദേശം പിടിച്ചെടുത്ത് ‘ബഫർ സോൺ’ സൃഷ്ടിക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം. തെക്കൻ ലബനാനെ ഇസ്രയേലിനോട് ചേർക്കണമെന്ന് തീവ്ര വലതുപക്ഷ മന്ത്രിമാർ നെതന്യാഹുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി പാലങ്ങളും വീടുകളും തകർത്ത് ലബനാന്റെ ബാക്കി ഭാഗങ്ങളിൽനിന്ന് ഈ മേഖലയെ ഒറ്റപ്പെടുത്താനുള്ള നീക്കമാണ് ഇസ്രയേൽ നടത്തുന്നത്.
അധിനിവേശം തടയാൻ ഹിസ്ബുല്ലയ്ക്ക് പരിമിതികളുണ്ടെങ്കിലും ഇസ്രയേലിന് യുദ്ധം കനത്ത നഷ്ടമുണ്ടാക്കുന്ന രീതിയിലുള്ള പ്രതിരോധമാണ് അവർ കാഴ്ചവെക്കുന്നത്. ഇസ്രയേൽ സൈന്യത്തിന് ലിതാനി നദി വരെ എത്താൻ കഴിഞ്ഞേക്കുമെന്നും എന്നാൽ അവിടെ അധികാരം ഉറപ്പിക്കുന്നത് ഹിസ്ബുല്ല എളുപ്പമാക്കില്ലെന്നും ഹിസ്ബുല്ല സെക്രട്ടറി ജനറൽ നൈം ഖാസിം വ്യക്തമാക്കി.
ബെക്കാ താഴ്വരയിൽ പുതിയ യുദ്ധമുഖം തുറന്ന ഇസ്രയേൽ, ഹിസ്ബുല്ലയുടെ താവളങ്ങളെ ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ റോഡുകളും വിതരണ ശൃംഖലകളും തകർക്കുകയാണ്. അതിനിടെ, തെക്കൻ ലബനാനിലെ ബാനി ഹയ്യാൻ ഗ്രാമത്തിന് സമീപമുണ്ടായ സ്‌ഫോടനത്തിൽ രണ്ട് ഐക്യരാഷ്ട്രസഭ സമാധാന സേനാംഗങ്ങൾ കൊല്ലപ്പെട്ടു.
ഇറാനും അമേരിക്കയും തമ്മിൽ ഭാവിയിൽ ഉണ്ടാകാനിടയുള്ള യാതൊരു കരാറും ലബനാനിലെ തങ്ങളുടെ യുദ്ധത്തെ ബാധിക്കില്ലെന്ന് നെതന്യാഹു യുഎസ് ഉദ്യോഗസ്ഥരെ അറിയിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലബനാനിലെ യുദ്ധം അവസാനിക്കുമ്പോൾ ഇസ്രയേലിന്റെ അതിർത്തികളിൽ മാറ്റം വരണമെന്നാണ് ധനമന്ത്രി ബെസാലെൽ സ്‌മോട്രിച്ച് കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്.