തൃപ്പൂണിത്തുറയിൽ അഖിൽ മാരാരോ സാബു എം ജേക്കബ്ബോ? എൻഡിഎയിൽ രണ്ട് സീറ്റുകളിൽ തർക്കം മുറുകുന്നു
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎ പാളയത്തിൽ സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി ഭിന്നത രൂക്ഷമാകുന്നു. തൃപ്പൂണിത്തുറ, കൊടുങ്ങല്ലൂർ സീറ്റുകളിലെ അവകാശവാദമാണ് ബിജെപിയും ഘടകകക്ഷികളും തമ്മിലുള്ള തർക്കത്തിന് പ്രധാന കാരണം. തൃപ്പൂണിത്തുറയിൽ അഖിൽ മാരാരെ മത്സരിപ്പിക്കാനാണ് ട്വന്റി20 താൽപ്പര്യപ്പെടുന്നത് എങ്കിലും, സാബു എം. ജേക്കബ് നേരിട്ട് ഇറങ്ങണമെന്ന നിലപാടിലാണ് ബിജെപി.
നഗരസഭാ ഭരണം പിടിച്ചെടുത്തതോടെ തൃപ്പൂണിത്തുറയിൽ മികച്ച ജയസാധ്യതയുണ്ടെന്നാണ് ബിജെപി വിലയിരുത്തുന്നത്. അതിനാൽ സാബു എം. ജേക്കബ് സ്ഥാനാർത്ഥിയാകുകയാണെങ്കിൽ മാത്രമേ ട്വന്റി20ക്ക് സീറ്റ് വിട്ടുനൽകേണ്ടതുള്ളൂ എന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാൽ, താൻ മത്സരിക്കാനില്ലെന്ന സൂചനയാണ് സാബു എം. ജേക്കബ് ഇതുവരെ നൽകിയിട്ടുള്ളത്. ഇതോടെ മണ്ഡലം തിരികെ പിടിക്കാൻ ബിജെപി തന്നെ നേരിട്ടിറങ്ങുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ.
അതേസമയം, കൊടുങ്ങല്ലൂർ സീറ്റിലും തർക്കം രൂക്ഷമാണ്. ബിഡിജെഎസും ട്വന്റി20യും സീറ്റിനായി അവകാശവാദം ഉന്നയിക്കുമ്പോൾ, ബി. ഗോപാലകൃഷ്ണൻ കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തുന്ന ബിജെപി തന്നെ അവിടെ മത്സരിക്കണമെന്ന ആവശ്യവും ശക്തമാണ്. നൂറോളം സീറ്റുകളിൽ മത്സരിക്കാൻ ഒരുങ്ങുന്ന എൻഡിഎയ്ക്ക് ഈ രണ്ട് മണ്ഡലങ്ങളിലെ തർക്കം പരിഹരിക്കുക എന്നത് വലിയ തലവേദനയായി മാറിയിരിക്കുകയാണ്.