28/03/2026
[fontresizer_tawhidurrahmandear_widget]

‘ക്രമസമാധാനം പറഞ്ഞ് പള്ളിയിൽ വരുന്ന വിശ്വാസികളെ നിയന്ത്രിക്കാൻ പറ്റില്ല’; സംഭാൽ മസ്ജിദ് നിയന്ത്രണത്തിൽ രൂക്ഷവിമർശനവുമായി അലഹബാദ് ഹൈക്കോടതി

 ‘ക്രമസമാധാനം പറഞ്ഞ് പള്ളിയിൽ വരുന്ന വിശ്വാസികളെ നിയന്ത്രിക്കാൻ പറ്റില്ല’; സംഭാൽ മസ്ജിദ് നിയന്ത്രണത്തിൽ രൂക്ഷവിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശിലെ പള്ളികളിൽ നമസ്‌കരിക്കാനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി അലഹബാദ് ഹൈക്കോടതി. ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ക്രമസമാധാനം ഉറപ്പാക്കാൻ കഴിയാത്ത ഉദ്യോഗസ്ഥർ പദവിയിൽ തുടരാൻ യോഗ്യരല്ലെന്നും കോടതി നിരീക്ഷിച്ചു.

സംഭാൽ ജില്ലയിലെ ഒരു പള്ളിയിൽ നമസ്‌കാരത്തിന് ഒരേസമയം 20 പേർക്ക് മാത്രമേ പ്രവേശനമുള്ളൂ എന്ന ഭരണകൂടത്തിന്റെ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് മുനാസിർ ഖാൻ സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. ജസ്റ്റിസ് അതുൽ ശ്രീധരൻ, ജസ്റ്റിസ് സിദ്ധാർത്ഥ് നന്ദൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ക്രമസമാധാന പ്രശ്‌നങ്ങൾ ഭയന്ന് വിശ്വാസികളുടെ എണ്ണം കുറയ്ക്കാനാണ് ശ്രമിക്കുന്നതെങ്കിൽ, സംഭാൽ എസ്.പിയും ജില്ലാ കലക്ടറും പദവി രാജിവെച്ച് ഒഴിയണമെന്ന് കോടതി വിമർശിച്ചു. അല്ലെങ്കിൽ അവർക്ക് ക്രമസമാധാനം ഉറപ്പാക്കാൻ കഴിയുന്ന മറ്റൊരു സ്ഥലത്തേക്ക് സ്ഥലംമാറ്റം വാങ്ങിപ്പോകാം. ഏത് സാഹചര്യത്തിലും നിയമവാഴ്ച നിലനിൽക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് സർക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്. ഒരു പ്രത്യേക വിഭാഗത്തിന് അവരുടെ ആരാധനകൾ തടസ്സമില്ലാതെ നടത്താൻ സൗകര്യം ഒരുക്കണമെന്നും കോടതി നിർദേശിച്ചു.

സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലത്തോ ആരാധനാലയത്തിലോ പ്രാർത്ഥനകൾ നടത്തുന്നതിന് സർക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമില്ല. പൊതുസ്ഥലങ്ങളിലേക്ക് പ്രാർത്ഥനകൾ നീളുകയോ തടസമുണ്ടാക്കുകയോ ചെയ്യുമ്പോൾ മാത്രമേ സർക്കാരിന് ഇടപെടാൻ അവകാശമുള്ളൂവെന്നും കോടതി ചൂണ്ടിക്കാട്ടി.

റമദാൻ മാസത്തിൽ പള്ളിയിൽ കൂടുതൽ വിശ്വാസികൾ എത്താൻ സാധ്യതയുണ്ടെന്നും, 20 പേർ എന്ന നിയന്ത്രണം നീക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു. എന്നാൽ, പ്രസ്തുത ഭൂമി റവന്യൂ രേഖകൾ പ്രകാരം സ്വകാര്യ വ്യക്തികളുടേതാണെന്നും അവിടെ പള്ളിയുണ്ടെന്നതിന് തെളിവില്ലെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു. പള്ളിയുടെ നിലനിൽപ്പ് തെളിയിക്കുന്ന ഫോട്ടോകളും അനുബന്ധ രേഖകളും ഹാജരാക്കാൻ കോടതി ഹർജിക്കാരന് നിർദേശം നൽകി. കേസ് കൂടുതൽ വാദത്തിനായി മാർച്ച് 16-ലേക്ക് മാറ്റിയിട്ടുണ്ട്.

Also read: