യുകെയിലെ സൈനിക താവളത്തിൽനിന്ന് യുദ്ധവിമാനങ്ങളിൽ ബങ്കർ ബസ്റ്റർ ബോംബ് നിറച്ച് അമേരിക്ക; അടുത്ത നീക്കം എന്ത്?
ലണ്ടൻ: പശ്ചിമേഷ്യയിൽ യുദ്ധം നിർണായക ഘട്ടത്തിലേക്ക് കടക്കവെ, ഇറാന്റെ ഭൂഗർഭ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് അതിശക്തമായ ‘ബങ്കർ ബസ്റ്റർ’ ബോംബുകൾ അമേരിക്ക സജ്ജമാക്കുന്നതായി റിപ്പോർട്ട്. ബ്രിട്ടനിലെ ആർ.എ.എഫ് ഫെയർഫോർഡ് വ്യോമതാവളത്തിലുള്ള അമേരിക്കൻ ബി-52 ബോംബർ വിമാനങ്ങളിൽ അതിമാരകമായ ബോംബുകൾ നിറയ്ക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇറാന്റെ ആണവ കേന്ദ്രങ്ങളും മിസൈൽ ശേഖരങ്ങളും മലനിരകൾക്കുള്ളിലും ഭൂമിക്കടിയിലുമാണ് സ്ഥിതി ചെയ്യുന്നത്. ഇവ തകർക്കാൻ ശേഷിയുള്ള ‘ജി.ബി.യു-57’ (GBU-57) അഥവാ മാസീവ് ഓർഡനൻസ് പെനട്രേറ്റർ ബോംബുകളാണ് വിമാനങ്ങളിൽ ഘടിപ്പിക്കുന്നത്.
ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർന്നതായും, അമേരിക്കൻ വിമാനങ്ങൾക്ക് ഇറാൻ ആകാശത്ത് പൂർണ്ണ നിയന്ത്രണം ലഭിച്ചതായും പ്രതിരോധ മാസികയായ ‘ദ വാർ സോൺ’ റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്കയുടെ തന്ത്രപരമായ നീക്കങ്ങൾക്ക് ബ്രിട്ടൻ പൂർണ്ണ പിന്തുണ നൽകുന്നുണ്ട്. ഫെയർഫോർഡ് ബേസിൽ നിന്നുള്ള ബി-52 വിമാനങ്ങളുടെ നീക്കം യുദ്ധത്തിന്റെ അടുത്ത ഘട്ടം അതിശക്തമായിരിക്കുമെന്ന സൂചനയാണ് നൽകുന്നത്. 13,000 കിലോയിലധികം ഭാരമുള്ള ഈ ബോംബുകൾക്ക് 60 മീറ്ററിലധികം താഴ്ചയിലുള്ള കോൺക്രീറ്റ് നിർമ്മിതികൾ തകർക്കാൻ സാധിക്കും. ഇറാന്റെ പ്രധാന ആണവ കേന്ദ്രമായ ഫോർഡോ ഉൾപ്പെടെയുള്ള താവളങ്ങൾ ലക്ഷ്യമിട്ടായിരിക്കും ഈ നീക്കമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.