ഇറാന്റെ 30,000 ഡോളറിന്റെ ഡ്രോണിനെതിരെ അമേരിക്കയുടെ 3.6 മില്യണിന്റെ മിസൈൽ; യുദ്ധച്ചെലവിൽ വലഞ്ഞ് ട്രംപ്
വാഷിങ്‌ടൺ: ഇറാനുമായുള്ള സൈനിക സംഘർഷം കടുക്കുന്നതിനിടെ, അമേരിക്കയുടെ ആയുധശേഖരം വൻതോതിൽ കുറയുന്നതും യുദ്ധച്ചെലവ് കുതിച്ചുയരുന്നതും പെന്റഗണിനെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഇറാൻ വിന്യസിക്കുന്ന വിലകുറഞ്ഞ ഡ്രോണുകളെ പ്രതിരോധിക്കാൻ കോടിക്കണക്കിന് രൂപ വിലയുള്ള ടോമാഹോക്ക് മിസൈലുകളും അത്യാധുനിക ഇന്റർസെപ്റ്ററുകളും വൻതോതിൽ ഉപയോഗിക്കേണ്ടി വരുന്നത് അമേരിക്കൻ സൈന്യത്തിന്റെ സാമ്പത്തിക കണക്കുകൂട്ടലുകൾ തെറ്റിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ 50 ബില്യൺ ഡോളറിന്റെ (ഏകദേശം 4 ലക്ഷം കോടിയിലധികം രൂപ) അടിയന്തര ധനസഹായം പെന്റഗൺ വൈറ്റ് ഹൗസിനോട് ആവശ്യപ്പെട്ടു.
വെറും ആറു ദിവസത്തെ സൈനിക നടപടികൾക്കായി മാത്രം 11 ബില്യൺ ഡോളറിലധികം അമേരിക്കയ്ക്ക് ചെലവായതായാണ് റിപ്പോർട്ടുകൾ. ഇറാൻ ഉപയോഗിക്കുന്ന ഷഹെദ് ഡ്രോണുകൾക്ക് വെറും 30,000 ഡോളർ മാത്രമാണ് നിർമ്മാണച്ചെലവ്. എന്നാൽ ഇവയെ തകർക്കാൻ അമേരിക്ക ഉപയോഗിക്കുന്ന ഓരോ ടോമാഹോക്ക് മിസൈലിനും ഏകദേശം 3.6 മില്യൺ ഡോളറോളം വിലവരും. ഈ അസമമായ സാമ്പത്തിക യുദ്ധം അമേരിക്കൻ ഖജനാവിനും ആയുധശേഖരത്തിനും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. വരും വർഷങ്ങളിൽ യുഎസ് നാവികസേനയെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
യുദ്ധം മൂലം ആഗോള വിപണിയിൽ എണ്ണവില ബാരലിന് 100 ഡോളറിന് മുകളിൽ എത്തിയത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും രാഷ്ട്രീയമായി വലിയ വെല്ലുവിളിയാകുന്നുണ്ട്. വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ഇന്ധനവില വർദ്ധനവ് ചർച്ചയാകുമെന്ന ആശങ്കയിലാണ് റിപ്പബ്ലിക്കൻ പാർട്ടി. അതേസമയം, ആവശ്യമായ ആയുധങ്ങൾ കൈവശമുണ്ടെന്ന് വൈറ്റ് ഹൗസ് അവകാശപ്പെടുന്നുണ്ടെങ്കിലും, ദീർഘകാല യുദ്ധം ആയുധശേഖരത്തെ പൂർണ്ണമായും ശൂന്യമാക്കുമെന്ന ആശങ്കയിലാണ് സെനറ്റ് അംഗങ്ങൾ.