പത്രിക നൽകാൻ മണിക്കൂറുകൾ ബാക്കി; അസമിൽ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന് മന്ത്രി നന്ദിത ഗോർലോസ
ഡിസ്പൂർ: അസം നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഭരണകക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടി. ബിജെപി മന്ത്രിയും ഹാഫ്ലോങ്ങിലെ സിറ്റിഹങ് എംഎൽഎയുമായ നന്ദിത ഗോർലോസ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബിജെപി ടിക്കറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് ഇന്നലെ രാത്രിയോടെ അവർ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിക്ക് തൊട്ടു മുൻപാണ് നിർണായക രാഷ്ട്രീയ നീക്കം.
ഹാഫ്ലോങ് (എസ്ടി) മണ്ഡലത്തിൽ നിർമ്മൽ ലാങ്താസയെയാണ് കോൺഗ്രസ് നേരത്തെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ നന്ദിതയുടെ വരവോടെ രാഷ്ട്രീയ താല്പര്യം മുൻനിർത്തി ലാങ്താസ സ്വമേധയാ പിന്മാറാൻ സന്നദ്ധത പ്രകടിപ്പിച്ചു. ഇതോടെ നന്ദിത ഗോർലോസ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പാർട്ടി ഔദ്യോഗികമായി അറിയിച്ചു.
നിലവിൽ സംസ്ഥാനത്തെ ഖനികൾ, ധാതുക്കൾ, ഗോത്രവിശ്വാസം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് നന്ദിത. ഇത്തവണ നന്ദിതയെ മാറ്റി രൂപാലി ലാങ്താസയെയാണ് ബിജെപി ഹാഫ്ലോങ്ങിൽ കളത്തിലിറക്കിയത്. ഇതിൽ പ്രതിഷേധിച്ചാണ് നന്ദിതയുടെ കൂടുമാറ്റം. മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ നേരിട്ട് ഇടപെട്ട് അനുനയ ചർച്ചകൾ നടത്തിയെങ്കിലും നന്ദിത തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു.
അസമിലെ 126 നിയമസഭാ സീറ്റുകളിലേക്കും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രിൽ 9-നാണ് ജനവിധി. നന്ദിതയ്ക്ക് പുറമെ ബരാക് വാലിയിലെ മറ്റ് രണ്ട് സിറ്റിങ് എംഎൽഎമാർക്കും ബിജെപി ടിക്കറ്റ് നിഷേധിച്ചിട്ടുണ്ട്. ഇതിൽ അമർ ചന്ദ് ജെയിൻ നേരത്തെ തന്നെ കോൺഗ്രസിൽ ചേർന്ന് സ്ഥാനാർത്ഥിത്വം ഉറപ്പാക്കിയിരുന്നു.