30/03/2026
[fontresizer_tawhidurrahmandear_widget]

ഗ്യാസിനു പിന്നാലെ കുപ്പിവെള്ള വിലയും ഉയരുമോ?; ഇറാൻ യുദ്ധം ഇന്ത്യയിലെ കുടിവെള്ളത്തെയും ബാധിച്ചു

 ഗ്യാസിനു പിന്നാലെ കുപ്പിവെള്ള വിലയും ഉയരുമോ?; ഇറാൻ യുദ്ധം ഇന്ത്യയിലെ കുടിവെള്ളത്തെയും ബാധിച്ചു

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായതോടെ ഇന്ത്യയിലെ കുപ്പിവെള്ള വിപണി കടുത്ത പ്രതിസന്ധിയിലേക്ക്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടത് അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയെ ബാധിച്ചതാണ് വില വർദ്ധനവിന് കാരണമാകുന്നത്. കുപ്പിവെള്ളം നിറയ്ക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പോളിമറിന്റെ വില കുതിച്ചുയരുന്നത് വരുംദിവസങ്ങളിൽ സാധാരണക്കാരന്റെ പോക്കറ്റ് ചോർത്തും.

ഇന്ത്യയിലെ 46,150 കോടി രൂപയുടെ കുപ്പിവെള്ള വ്യവസായം വേനൽക്കാലത്തെ വരവേൽക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഈ തിരിച്ചടി. ക്രൂഡ് ഓയിലിൽ നിന്നാണ് കുപ്പികളും അടപ്പുകളും നിർമ്മിക്കാനാവശ്യമായ പോളിത്തീൻ വേർതിരിച്ചെടുക്കുന്നത്. യുദ്ധം തുടങ്ങിയ ശേഷം പോളിമർ വിലയിൽ 12 ശതമാനം വർദ്ധനവുണ്ടായി. ഒരു കിലോ പോളിമറിന്റെ വില 18 രൂപയിൽ നിന്ന് 32 രൂപയായി ഉയർന്നു. ഇതോടെ ഒരു കുപ്പിയുടെ നിർമ്മാണച്ചെലവ് 1.10 രൂപയിൽ നിന്ന് 1.45 രൂപയായി വർദ്ധിച്ചിട്ടുണ്ട്.

നിലവിൽ വൻകിട കമ്പനികൾ വില വർദ്ധിപ്പിച്ചിട്ടില്ലെങ്കിലും, ചെറുകിട ഉൽപ്പാദകർ വിതരണക്കാർക്കുള്ള നിരക്ക് ഉയർത്തിക്കഴിഞ്ഞു. ലേബലുകൾ, പാക്കിംഗ് മെറ്റീരിയലുകൾ എന്നിവയുടെ വിലയും ഇതിനോടൊപ്പം വർദ്ധിച്ചിട്ടുണ്ട്. നിലവിൽ 20 രൂപയ്ക്ക് ലഭിക്കുന്ന ഒരു ലിറ്റർ കുപ്പിവെള്ളത്തിന് വരും ആഴ്ചകളിൽ വില കൂടാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധർ സൂചിപ്പിക്കുന്നു.

Also read: