‘160 പെൺകുഞ്ഞുങ്ങൾ, ചിന്നിച്ചിതറിയ അവരുടെ കുഞ്ഞുമേനികൾ; ഗസ്സ മുതൽ മിനാബ് വരെ തുടരുന്ന ക്രൂരത’,യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികൾക്കായി ഒരുക്കിയ കൂട്ട ഖബറിടത്തിന്റെ ചിത്രം പുറത്തുവിട്ട് ഇറാൻ
തെഹ്‌റാൻ: തെക്കൻ ഇറാനിലെ മിനാബിലുള്ള പ്രൈമറി സ്കൂളിന് നേരെ യുഎസ്-ഇസ്രയേൽ സഖ്യം നടത്തിയ വ്യോമാക്രമണത്തിൽ 160-ലധികം പെൺകുട്ടികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കൊല്ലപ്പെട്ട കുട്ടികൾക്കായി ശവക്കുഴികൾ ഒരുക്കുന്ന ദൃശ്യങ്ങൾ ഇറാന്റെ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരഗ്ചി എക്സിലൂടെ പങ്കുവെച്ചു. “മിസ്റ്റർ ട്രംപ് വാഗ്ദാനം ചെയ്ത ‘രക്ഷ’ ഇതാണ്” എന്ന് അദ്ദേഹം ഡൊണാൾഡ് ട്രംപിനെ നേരിട്ട് പരിഹസിച്ചുകൊണ്ട് കുറിച്ചു.
കഴിഞ്ഞ ശനിയാഴ്ചയുണ്ടായ ആക്രമണത്തിൽ സ്കൂൾ പൂർണ്ണമായും തകർന്നു. കൊല്ലപ്പെട്ട കുട്ടികളുടെ കൂട്ടശവസംസ്കാരം ഇന്ന് നടന്നു. ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത വിലാപയാത്രയിൽ അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ ശക്തമായ മുദ്രാവാക്യങ്ങൾ ഉയർന്നു. അതേസമയം, സ്കൂളിനെ മനഃപൂർവ്വം ലക്ഷ്യം വെക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രതികരിച്ചു. സ്ഫോടനത്തിന് പിന്നിൽ ഇറാനിയൻ റെവല്യൂഷണറി ഗാർഡ് തന്നെയകാം എന്ന വാദമാണ് ഇസ്രയേൽ ഉന്നയിക്കുന്നത്.
സംഘർഷം പശ്ചിമേഷ്യയിലുടനീളം പടരുന്ന സാഹചര്യത്തിൽ കുവൈറ്റ് ഉൾപ്പെടെയുള്ള ആറ് രാജ്യങ്ങളിൽ നിന്ന് അടിയന്തര സേവന വിഭാഗങ്ങളല്ലാത്ത ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാൻ യുഎസ് ഉത്തരവിട്ടു. ഇതിനിടെ, യുഎന്നിൽ പ്രഥമ വനിത മെലാനിയ ട്രംപ് കുട്ടികളുടെ സുരക്ഷയെക്കുറിച്ച് സംസാരിച്ചതിനെ ഇറാൻ “കാപട്യം” എന്ന് വിശേഷിപ്പിച്ചു. നൊബേൽ ജേതാവ് മലാല യൂസഫ്‌സായിയും യുനെസ്കോയും സ്കൂൾ ആക്രമണത്തെ യുദ്ധക്കുറ്റമായി അപലപിച്ചു.