‘അമേരിക്കൻ മണ്ണിൽ എവിടെയും നാശം വിതയ്ക്കാൻ ശേഷിയുള്ള ആണവ മിസൈൽ ചൈനയും പാകിസ്താനും വികസിപ്പിക്കുന്നു’: മുന്നറിയിപ്പുമായി യുഎസ് ഇന്റലിജൻസ് ചീഫ്
representative image
വാഷിങ്ടൺ- ചൈനയും പാകിസ്താനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ അമേരിക്കയെ ലക്ഷ്യം വയ്ക്കാൻ ശേഷിയുള്ള അത്യാധുനിക ആണവ മിസൈലുകൾ വികസിപ്പിക്കുകയാണെന്ന ഗൗരവകരമായ മുന്നറിയിപ്പുമായി യുഎസ് ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡ്. വാഷിംഗ്ടണിൽ സെനറ്റ് പാനലിന് മുൻപാകെ വാർഷിക ഭീഷണി വിലയിരുത്തൽ റിപ്പോർട്ട് അവതരിപ്പിക്കവെയാണ് അമേരിക്കൻ മണ്ണിൽ എവിടെയും നാശം വിതയ്ക്കാൻ ശേഷിയുള്ള മിസൈൽ സാങ്കേതികവിദ്യകൾ ഈ രാജ്യങ്ങൾ സ്വന്തമാക്കുന്നതിനെക്കുറിച്ച് അവർ വിശദീകരിച്ചത്. നിലവിൽ റഷ്യ, ചൈന, ഉത്തര കൊറിയ, ഇറാൻ എന്നിവർക്കൊപ്പം പാകിസ്താനും അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഏറ്റവും വലിയ ആണവ ഭീഷണി ഉയർത്തുന്ന രാജ്യങ്ങളുടെ പട്ടികയിലുണ്ടെന്ന് ഇന്റലിജൻസ് വിഭാഗം വിലയിരുത്തുന്നു. ആണവ പോർമുനകളും പരമ്പരാഗത യുദ്ധമുനകളും വഹിക്കാൻ ശേഷിയുള്ള നൂതന മിസൈൽ ലോഞ്ചിംഗ് സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ ഈ രാജ്യങ്ങൾ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്.
പാകിസ്താൻ ഉയർത്തുന്ന ഭീഷണിക്ക് പുറമെ ചൈനയുടെ അതിവേഗത്തിലുള്ള ആണവായുധ ശേഖരണത്തെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. ചൈനയും റഷ്യയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സഹകരണവും ഉത്തര കൊറിയയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെ വികാസവും അമേരിക്കൻ പ്രതിരോധ മേഖലയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഉത്തര കൊറിയയുടെ മിസൈലുകൾക്ക് നിലവിൽ തന്നെ അമേരിക്കൻ ഭൂഭാഗങ്ങളിൽ എത്താൻ ശേഷിയുണ്ടെന്നും അവർ കൂടുതൽ കരുത്തുറ്റ ആണവായുധ ശേഖരത്തിനായി പരിശ്രമിക്കുകയാണെന്നും തുളസി ഗബ്ബാർഡ് ചൂണ്ടിക്കാട്ടി. ഇതിന് പുറമെ പാകിസ്താനും ഉത്തര കൊറിയയും തമ്മിലുള്ള ആയുധ ഇടപാടുകളെക്കുറിച്ചും ഏകോപനത്തെക്കുറിച്ചും അമേരിക്കൻ ഇന്റലിജൻസ് വിഭാഗം ആശങ്ക പ്രകടിപ്പിച്ചു. ഇറാന്റെ ആണവ സമ്പുഷ്ടീകരണ പദ്ധതികൾക്ക് കഴിഞ്ഞ വർഷം നടന്ന സൈനിക നീക്കങ്ങളിലൂടെ തിരിച്ചടി നേരിട്ടിട്ടുണ്ടെങ്കിലും, മേഖലയിലെ അമേരിക്കൻ താൽപ്പര്യങ്ങൾക്കും സഖ്യകക്ഷികൾക്കും എതിരെ ആക്രമണം നടത്താൻ അവർക്കും അവരുടെ പ്രോക്സി ഗ്രൂപ്പുകൾക്കും ഇപ്പോഴും ശേഷിയുണ്ടെന്നും ഇന്റലിജൻസ് മേധാവി സെനറ്റ് സമിതിയെ അറിയിച്ചു.