31/03/2026
[fontresizer_tawhidurrahmandear_widget]

രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു; നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്

 രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു; നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്

പയ്യന്നൂർ: സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റിക്കു കീഴിലുണ്ടായ രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കി ബാങ്ക് രേഖകൾ പുറത്ത്. രക്തസാക്ഷി ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ പിരിച്ചെടുത്ത ലക്ഷക്കണക്കിന് രൂപ നേതാക്കൾ സ്വന്തം പേരിൽ സ്ഥിരനിക്ഷേപം നടത്തിയതിന്റെ രേഖകളാണ് മുൻ ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണൻ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് പുറത്തുവന്ന ബാങ്ക് രേഖകൾ മുൻപ് പാർട്ടി നൽകിയ വിശദീകരണങ്ങളെല്ലാം തള്ളുന്നതാണ്.

രക്തസാക്ഷി സഹായ നിധിയിൽ നിന്ന് 40 ലക്ഷം രൂപ മുതിർന്ന നേതാക്കളായ ടി.ഐ മധുസൂദനൻ, കെ.പി മധു എന്നിവരുടെ പേരിൽ ഫിക്സഡ് ഡെപ്പോസിറ്റായി മാറ്റിയെന്നാണ് രേഖകളിൽ നിന്ന് വ്യക്തമാകുന്നത്. 2016 നവംബർ 3-ന് പയ്യന്നൂർ റെയിൽവേ ഗേറ്റ് ബ്രാഞ്ചിൽ നിക്ഷേപിച്ച ഈ തുക രണ്ട് വർഷക്കാലം നേതാക്കളുടെ വ്യക്തിഗത അക്കൗണ്ടിൽ തുടർന്നു. പിന്നീട് പാർട്ടിയിൽ തർക്കമായതോടെ 40 ലക്ഷം രൂപ അക്കൗണ്ടിലേക്ക് തിരിച്ചടച്ചെങ്കിലും, ഈ കാലയളവിലെ പലിശ നേതാക്കൾ സ്വന്തം ആവശ്യത്തിനായി എടുത്തു എന്നാണ് കുഞ്ഞികൃഷ്ണന്റെ പ്രധാന ആരോപണം.

2016 ഓഗസ്റ്റിൽ രൂപീകരിച്ച നിധിയിലേക്ക് രണ്ട് മാസത്തിനുള്ളിൽ 63 ലക്ഷത്തിലധികം രൂപ സമാഹരിക്കപ്പെട്ടിരുന്നു. ഇതിൽ നിന്നാണ് 40 ലക്ഷം രൂപ വകമാറ്റിയത്. കൂടാതെ അഞ്ച് ലക്ഷം രൂപ ഏരിയ സെക്രട്ടറി സ്വന്തം പേരിലാക്കിയെന്നും ഇത് ഭവന നിർമാണത്തിന് ചെലവഴിച്ചതായി കാണിക്കാൻ കള്ളരേഖകൾ ചമച്ചുവെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ആരോപിക്കുന്നു. പയ്യന്നൂരിലെ സിപിഎമ്മിനെ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് ഈ പുതിയ വെളിപ്പെടുത്തലുകൾ എത്തിച്ചിരിക്കുന്നത്.

Also read: