30/03/2026
[fontresizer_tawhidurrahmandear_widget]

‘ധുരന്ധർ പ്രൊപ്പഗണ്ട ചിത്രമല്ല, സിനിമ കണ്ട ലക്ഷക്കണക്കിനാളുകൾ വിഡ്ഢികളാണോ?’; ആദിത്യ ധറിനെ പിന്തുണച്ച് പ്രിയദർശൻ

 ‘ധുരന്ധർ പ്രൊപ്പഗണ്ട ചിത്രമല്ല, സിനിമ കണ്ട ലക്ഷക്കണക്കിനാളുകൾ വിഡ്ഢികളാണോ?’; ആദിത്യ ധറിനെ പിന്തുണച്ച് പ്രിയദർശൻ

മുംബൈ: ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന ആദിത്യ ധർ ചിത്രം ‘ധുരന്ധർ: ദ റിവഞ്ച്’ പ്രൊപ്പഗണ്ട സിനിമയാണെന്ന ആരോപണങ്ങളെ തള്ളി സംവിധായകൻ പ്രിയദർശൻ. തന്റെ ശിഷ്യൻ കൂടിയായ ആദിത്യ ധറിനെ പ്രശംസിച്ച പ്രിയദർശൻ, സിനിമയുടെ വൻ വിജയമാണ് വിമർശകർക്കുള്ള മറുപടിയെന്നും വ്യക്തമാക്കി. സിദ്ധാർഥ് കണ്ണന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

സിനിമയെ പ്രൊപ്പഗണ്ട എന്ന് മുദ്രകുത്തുന്നതിനെ പ്രിയദർശൻ ശക്തമായി എതിർത്തു. “സത്യം ജനങ്ങൾക്ക് മുന്നിലെത്തിക്കുക മാത്രമാണ് ഈ ചിത്രം ചെയ്യുന്നത്. ഭൂരിഭാഗം ജനങ്ങളും ഒരു സിനിമയെ സ്വീകരിക്കുന്നത് അത് നിലവാരമുള്ളതുകൊണ്ടാണ്. സിനിമ കണ്ട് ഇഷ്ടപ്പെട്ട ലക്ഷക്കണക്കിന് ആളുകൾ വിഡ്ഢികളാണോ? ഇന്ത്യ മുഴുവൻ ചിത്രം ഏറ്റെടുത്തു കഴിഞ്ഞാൽ പിന്നെ ചിലരുടെ വ്യക്തിപരമായ അഭിപ്രായങ്ങൾക്ക് എന്ത് പ്രസക്തിയാണുള്ളത്,” പ്രിയദർശൻ ചോദിച്ചു. അനാവശ്യ തർക്കങ്ങൾ ഒഴിവാക്കി സിനിമയുടെ വിജയം ആഘോഷിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആദിത്യ ധറിന്റെ കരിയറിന്റെ തുടക്കകാലത്തെ പോരാട്ടങ്ങളെക്കുറിച്ചും പ്രിയദർശൻ ഓർത്തെടുത്തു. തന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്ന കാലത്ത് തിരക്കഥകൾക്ക് അംഗീകാരം ലഭിക്കാത്തതിൽ ആദിത്യ ഏറെ നിരാശനായിരുന്നു. സ്വന്തം ശിഷ്യൻ ഇന്ന് വലിയ ഉയരങ്ങളിലെത്തിയത് കാണുന്നതിൽ ഒരു ഗുരു എന്ന നിലയിൽ തനിക്ക് വലിയ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ സംവിധായകൻ വെട്രിമാരൻ ഉൾപ്പെടെയുള്ളവർ ചിത്രത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിനെയെല്ലാം കാറ്റിൽ പറത്തിയാണ് രൺവീർ സിങ് നായകനായ ‘ധുരന്ധർ’ തിയേറ്ററുകളിൽ കുതിപ്പ് തുടരുന്നത്. ആദിത്യ ധറിന്റെ സംവിധാന മികവിനെയും സിനിമയുടെ ഉദേശശുദ്ധിയെയും പ്രിയദർശൻ അഭിമുഖത്തിൽ പൂർണമായും പിന്തുണച്ചു.

Also read: