കോങ്ങാട് എംഎൽഎയെ ‘ഡിജിറ്റൽ അറസ്റ്റ്’ ചെയ്യാൻ ശ്രമം; തട്ടിപ്പ് പൊളിച്ച് കെ. ശാന്തകുമാരി
പാലക്കാട്: കോങ്ങാട് എംഎൽഎ കെ. ശാന്തകുമാരിയെ ഡിജിറ്റൽ അറസ്റ്റിന് ഇരയാക്കാൻ ശ്രമം. ഭീകരാക്രമണക്കേസിലെ പ്രതി എംഎൽഎയുടെ പേരിൽ സിം കാർഡ് എടുത്തുവെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പിന് നീക്കം നടന്നത്. പതറാതെ നിന്ന എംഎൽഎ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചതോടെ വലിയൊരു തട്ടിപ്പ് ശ്രമമാണ് പരാജയപ്പെട്ടത്.
ഇന്ന് രാവിലെയാണ് മുംബൈയിൽ നിന്നെന്ന വ്യാജേന എംഎൽഎയ്ക്ക് ഫോൺ കോൾ വരുന്നത്. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസിൽ പിടിക്കപ്പെട്ട പ്രതി ഉപയോഗിക്കുന്നത് ശാന്തകുമാരിയുടെ പേരിൽ എടുത്ത സിം കാർഡാണെന്ന് വിളിച്ചവർ അവകാശപ്പെട്ടു. തുടർന്ന് പോലീസ് വേഷം ധരിച്ചവർ വീഡിയോ കോളിലെത്തി സംസാരിക്കുകയും, ഇത് അതീവ ഗുരുതരമായ കേസായതിനാൽ വലിയ ഭവിഷ്യത്തുകൾ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഏകദേശം രണ്ട് മണിക്കൂറോളം നീണ്ട വീഡിയോ കോളിലൂടെ എംഎൽഎയെ ഭയപ്പെടുത്താനാണ് ഇവർ ശ്രമിച്ചത്. സംസാരത്തിനിടയിൽ ‘ഡിജിറ്റൽ അറസ്റ്റ്’ ചെയ്യാനുള്ള സൂചനകൾ ലഭിച്ചതോടെ എംഎൽഎയ്ക്ക് കാര്യങ്ങളിൽ സംശയം തോന്നി. ഉടൻ തന്നെ കുഴൽമന്ദം പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.