29/03/2026
[fontresizer_tawhidurrahmandear_widget]

‘ബിജെപി കേരളത്തില്‍ എട്ട് സീറ്റ് വരെ നേടും’; കുണ്ടറയിൽ പോരാട്ടത്തിനിറങ്ങി റോബിൻ രാധാകൃഷ്ണൻ

 ‘ബിജെപി കേരളത്തില്‍ എട്ട് സീറ്റ് വരെ നേടും’; കുണ്ടറയിൽ പോരാട്ടത്തിനിറങ്ങി റോബിൻ രാധാകൃഷ്ണൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ അപ്രതീക്ഷിത സാന്നിധ്യമായി മുൻ ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണൻ. കൊല്ലം ജില്ലയിലെ കുണ്ടറ മണ്ഡലത്തിൽ നിന്നാണ് റോബിൻ ജനവിധി തേടുന്നത്. അടുത്തിടെ ബിജെപിയിൽ അംഗത്വമെടുത്ത റോബിന്, ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ പാർട്ടി സീറ്റ് നൽകിയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരിച്ച റോബിൻ, തനിക്ക് ലഭിച്ച ഈ അവസരത്തെ വലിയൊരു ഭാഗ്യമായാണ് കാണുന്നതെന്ന് വ്യക്തമാക്കി. “സീറ്റ് ലഭിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. എന്നെ ശുപാർശ ചെയ്യാൻ ആരുമില്ലായിരുന്നു, സ്വന്തം കഠിനാധ്വാനം കൊണ്ടാണ് ഈ നിലയിലെത്തിയത്. നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളാണ് തനിക്ക് രാഷ്ട്രീയത്തിലേക്കുള്ള പ്രചോദനമായത്” – റോബിൻ പറഞ്ഞു. തന്റെ നിലപാടുകൾ തുറന്നു പറഞ്ഞതിന്റെ പേരിൽ ഒന്നര ലക്ഷത്തോളം ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിനെ നഷ്ടമായെങ്കിലും ബിജെപി ആശയങ്ങളിൽ ഉറച്ചുനിൽക്കാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിഗ് ബോസ് താരങ്ങളായ അഖിൽ മാരാർ, വീണ നായർ എന്നിവർ ട്വന്റി-20 വഴി എൻഡിഎ മുന്നണിയുടെ ഭാഗമായതിനെ അദ്ദേഹം സ്വാഗതം ചെയ്തു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അഞ്ച് മുതൽ എട്ട് സീറ്റുകൾ വരെ നേടുമെന്നും, പല മണ്ഡലങ്ങളിലും പാർട്ടി ഒരു ‘ഗെയിം ചേഞ്ചർ’ ആയി മാറുമെന്നും റോബിൻ പ്രത്യാശ പ്രകടിപ്പിച്ചു. കുണ്ടറയിലെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി തന്റെ 200 ശതമാനം അധ്വാനം നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

Also read: