27/03/2026
[fontresizer_tawhidurrahmandear_widget]

പാനിപുരി വിറ്റാൽ മാസവരുമാനം 90,000 രൂപ? വൈറൽ വീഡിയോയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ തർക്കം

 പാനിപുരി വിറ്റാൽ മാസവരുമാനം 90,000 രൂപ? വൈറൽ വീഡിയോയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ തർക്കം

ന്യൂഡൽഹി: ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ലഘുഭക്ഷണമായ പാനിപുരി വിൽക്കുന്നതിലൂടെ ഒരാൾക്ക് പ്രതിമാസം എത്ര രൂപ സമ്പാദിക്കാം? ഈ ചോദ്യത്തിന് ഉത്തരവുമായി എത്തിയ ഒരു ഇൻഫ്ലുവൻസറുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ഒരു പാനിപുരി കച്ചവടക്കാരന് മാസത്തിൽ ഏകദേശം 90,000 രൂപ വരെ വരുമാനം ലഭിക്കുമെന്നാണ് വീഡിയോയിലെ അവകാശവാദം.

ഒരു പാനിപുരി സ്റ്റാളിൽ നേരിട്ട് സഹായിയായി നിന്നാണ് വീഡിയോ ക്രിയേറ്റർ ഈ കണക്കുകൾ നിരത്തുന്നത്. വൈകുന്നേരം 4 മുതൽ രാത്രി 10 മണി വരെ നീളുന്ന കച്ചവടത്തിനിടയിൽ ഒരു മണിക്കൂറിൽ മാത്രം 120 പൂരികൾ വിറ്റുപോയതായി അദ്ദേഹം പറയുന്നു. ഒരു പ്ലേറ്റിന് 30 രൂപ നിരക്കിൽ ദിവസവും ശരാശരി 100 പ്ലേറ്റുകൾ വിൽക്കുകയാണെങ്കിൽ പ്രതിദിനം 3,000 രൂപ വരുമാനം ലഭിക്കും. ഇതുവഴി മാസം 90,000 രൂപയും വർഷത്തിൽ 10 ലക്ഷത്തിന് മുകളിലും സമ്പാദിക്കാമെന്നാണ് കണക്കുകൂട്ടൽ.

വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. പലരും തങ്ങളുടെ വാർഷിക ശമ്പളത്തേക്കാൾ കൂടുതലാണല്ലോ ഇതെന്ന അത്ഭുതം പങ്കുവെച്ചപ്പോൾ, കച്ചവടത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി മറ്റു ചിലർ രംഗത്തെത്തി. 90,000 രൂപ എന്നത് ലാഭമല്ലെന്നും ഇതിൽ നിന്ന് സാധനങ്ങൾ വാങ്ങാനുള്ള ചിലവ്, വാടക, വൈദ്യുതി എന്നിവ കുറയ്ക്കണമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഓർമ്മിപ്പിക്കുന്നു. എന്തായാലും സാധാരണക്കാരന്റെ ലഘുഭക്ഷണത്തിലെ ‘ബിസിനസ് സാധ്യത’ ഇപ്പോൾ ഇന്റർനെറ്റിലെ ചൂടുള്ള ചർച്ചാവിഷയമാണ്.

Also read: