സാമ്പത്തിക പ്രതിസന്ധി; നിയന്ത്രണം കടുപ്പിച്ചു, 25 ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്ക് ട്രഷറിയിൽ ‘പൂട്ടുവീണു’
തിരുവനന്തപുരം: സാമ്പത്തിക വർഷത്തിന്റെ അവസാന നാളുകളിൽ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. പണലഭ്യത കുറഞ്ഞതോടെ ട്രഷറികളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. 25 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ പാസാക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനാണ് ട്രഷറി ഡയറക്ടറുടെ വാക്കാലുള്ള നിർദേശം. നാളെ ഉച്ചയ്ക്ക് 12 മണിയോടെ ബില്ലുകളും ചെക്കുകളും പാസാക്കുന്നത് പൂർണ്ണമായും നിർത്തിവെക്കും.
മാർച്ച് 24 വരെ സമർപ്പിക്കപ്പെട്ട ബില്ലുകൾക്ക് മാത്രമായിരിക്കും നിലവിൽ മുൻഗണന നൽകുക. ഇന്നലെ രാവിലെ 5 കോടി രൂപ വരെയുള്ള ബില്ലുകൾ മാറാൻ അനുമതി നൽകിയിരുന്നെങ്കിലും, സാമ്പത്തിക സ്ഥിതി മോശമായതോടെ ഉച്ചയോടെ പരിധി 25 ലക്ഷമായി വെട്ടിക്കുറയ്ക്കുകയായിരുന്നു. ഇതോടെ കരാറുകാരും വിവിധ വകുപ്പുകളും വലിയ പ്രതിസന്ധിയിലായി. ഇപ്പോൾ മാറാൻ കഴിയാത്ത ബില്ലുകൾ അടുത്ത സാമ്പത്തിക വർഷത്തെ പണലഭ്യത അനുസരിച്ച് മാത്രമേ നൽകൂ.
സാമ്പത്തിക വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളതിനാൽ, കെട്ടിക്കിടക്കുന്ന പരമാവധി ബില്ലുകൾ തീർപ്പാക്കാൻ ജീവനക്കാർക്ക് ഇന്നും ജോലിക്ക് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് ശേഷം ട്രഷറി ഇടപാടുകൾ ഭാഗികമായി തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതയിലാണ് ഉദ്യോഗസ്ഥർ. വരും ദിവസങ്ങളിൽ ട്രഷറി നിയന്ത്രണം കൂടുതൽ കർശനമായേക്കുമെന്നാണ് സൂചന.