‘ആരുടെ എണ്ണ വാങ്ങണം, വാങ്ങരുത് എന്ന് അമേരിക്ക നമ്മളോട് പറയും; നമ്മുടെ പ്രധാനമന്ത്രിക്ക് തീരുമാനിക്കാനാകില്ല, അധികാരം അടിയറവ് വച്ച പ്രധാനമന്ത്രിയുടെ മൗനം ലജ്ജാകരം’- രാഹുൽ ഗാന്ധി
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിന്റെ വിദേശനയത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ വിദേശനയം ഇന്ന് ‘ഒരു വ്യക്തിയുടെ വിട്ടുവീഴ്ചയുടെയും ചൂഷണത്തിന്റെയും’ ഫലമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘ആരുടെ എണ്ണ വാങ്ങണം, വാങ്ങരുത് എന്ന് അമേരിക്ക നമ്മളോട് പറയും, നമ്മുടെ പ്രധാനമന്ത്രിക്ക് അത് തീരുമാനിക്കാനാകില്ല, അധികാരം അടിയറവ് വച്ച പ്രധാനമന്ത്രിയുടെ മൗനം ലജ്ജാകരമാണ്’- അദ്ദേഹം പറഞ്ഞു. കടലിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യൻ കമ്പനികൾക്ക് അമേരിക്ക 30 ദിവസത്തെ ഇളവ് അനുവദിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.
ഇന്ത്യയുടെ ഊർജ്ജ സുരക്ഷയിൽ സർക്കാർ വിട്ടുവീഴ്ച ചെയ്യുകയാണെന്നും ആരിൽ നിന്ന് എണ്ണ വാങ്ങണമെന്ന് അമേരിക്ക തീരുമാനിക്കുന്ന അവസ്ഥയാണെന്നും രാഹുൽ ആരോപിച്ചു. സത്യത്തിലും അഹിംസയിലും അധിഷ്ഠിതമായ ഇന്ത്യയുടെ ആത്മീയ മൂല്യങ്ങളിലും ചരിത്രത്തിലും വേരൂന്നിയതാകണം വിദേശനയമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മോദി സർക്കാർ തുടർച്ചയായി നയതന്ത്ര ഇടം വിട്ടുകൊടുക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വിമർശിച്ചു.
ഇറാൻ-ഇസ്രായേൽ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. ബാരലിന് 84 ഡോളറിലെത്തിയ ക്രൂഡ് ഓയിൽ വില ഇന്ത്യയെപ്പോലുള്ള ഇറക്കുമതി രാജ്യങ്ങൾക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഈ പ്രതിസന്ധിക്കിടയിലും വിതരണം നിലനിർത്താനുള്ള ഹ്രസ്വകാല നടപടി മാത്രമാണ് ഇന്ത്യക്ക് നൽകിയ ഇളവെന്നാണ് അമേരിക്കൻ ട്രഷറി വിഭാഗത്തിന്റെ വിശദീകരണം.