02/03/2026
[fontresizer_tawhidurrahmandear_widget]

ഇറാനിലെ ജനപ്രിയ ‘പ്രേയർ ആപ്പ്’ ഹാക്ക് ചെയ്ത് ഇസ്രയേലിന്റെ അപ്രതീക്ഷിത നീക്കം; കീഴടങ്ങാൻ നിർദേശം

 ഇറാനിലെ ജനപ്രിയ ‘പ്രേയർ ആപ്പ്’ ഹാക്ക് ചെയ്ത് ഇസ്രയേലിന്റെ അപ്രതീക്ഷിത നീക്കം; കീഴടങ്ങാൻ നിർദേശം

തെഹ്‌റാൻ: ഇസ്രയേലും യുഎസും സംയുക്തമായി ഇറാനിൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ, രാജ്യത്തെ ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തി സൈബർ ആക്രമണവും. അഞ്ച് ദശലക്ഷത്തിലധികം ആളുകൾ ഉപയോഗിക്കുന്ന ‘ബേഡ്‌സബ കലണ്ടർ’ എന്ന പ്രേയർ ആപ്പ് ഹാക്ക് ചെയ്താണ് ഇറാനിയൻ സൈനികർക്കും ജനങ്ങൾക്കും കീഴടങ്ങൽ സന്ദേശങ്ങൾ അയക്കുന്നത്. ശനിയാഴ്ച പുലർച്ചെ തെഹ്‌റാൻ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ സ്‌ഫോടനങ്ങൾ നടന്നതിന് തൊട്ടുപിന്നാലെയാണ് ആപ്പിൽ നിന്ന് നോട്ടിഫിക്കേഷനുകൾ പ്രവഹിച്ചു തുടങ്ങിയത്.

രാവിലെ 9:52ന് ‘സഹായം എത്തിയിരിക്കുന്നു’ എന്ന വാചകത്തോടെ ആരംഭിച്ച സന്ദേശങ്ങൾ 30 മിനിറ്റിലധികം സമയം തുടർച്ചയായി വന്നുകൊണ്ടിരുന്നു. ഇറാനിയൻ സൈനികർ ആയുധം ഉപേക്ഷിക്കണമെന്നും ‘വിമോചന സേനയിൽ’ ചേർന്ന് സ്വന്തം സഹോദരങ്ങളെ സംരക്ഷിക്കണമെന്നും സന്ദേശങ്ങളിൽ ആവശ്യപ്പെടുന്നു. ‘പ്രതികാരത്തിനുള്ള സമയം വന്നെത്തിയിരിക്കുന്നു’ എന്നും ആയുധം താഴെവെക്കുന്നവർക്ക് മാപ്പ് നൽകുമെന്നുമാണ് ഇതിലുള്ളത്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും, ഇത് ദീർഘകാലമായി ആസൂത്രണം ചെയ്ത സൈബർ ഓപറേഷൻ ആണെന്ന് സുരക്ഷാ വിദഗ്ധർ വിലയിരുത്തുന്നു. ഇത്തരമൊരു തന്ത്രപരമായ നീക്കം രാജ്യങ്ങൾ തമ്മിലുള്ള യുദ്ധത്തിന്റെ ഭാഗമാണെന്ന് ബിയോണ്ട് ട്രസ്റ്റ് ചീഫ് സെക്യൂരിറ്റി അഡൈ്വസർ മോറി ഹേബർ ചൂണ്ടിക്കാട്ടി. യുദ്ധം മുറുകുന്നതിനിടെ ഇറാനിൽ ഇന്റർനെറ്റ് സേവനങ്ങൾ പൂർണമായും തടസ്സപ്പെട്ടു. നെറ്റ്വർക്ക് ട്രാഫിക് വെറും 4 ശതമാനമായി കുറഞ്ഞതായും വിപിഎൻ സേവനങ്ങളും ഫോൺ ലൈനുകളും പ്രവർത്തനരഹിതമായതായും നെറ്റ് ബ്ലോക്‌സ് റിപ്പോർട്ട് ചെയ്യുന്നു.

ഇറാൻ പ്രവർത്തിപ്പിക്കുന്ന ക്ലൗഡ് സേവനമായ അർവൻ ക്ലൗഡിനും തടസ്സങ്ങൾ നേരിട്ടു. കൂടാതെ സർക്കാർ വാർത്താ ഏജൻസികളായ ഐആർഎൻഎ, ഐഎസ്എൻഎ എന്നിവയുടെ വെബ്‌സൈറ്റുകളും സൈബർ ആക്രമണത്തിന് ഇരയായി. മുൻകരുതൽ ആക്രമണത്തിന്റെ ഭാഗമായാണ് ഇറാനിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടതെന്ന് ഇസ്രയേലും യുഎസും അറിയിച്ചു. ഇതിന് മറുപടിയായി ബഹ്‌റൈൻ, കുവൈറ്റ്, യുഎഇ, ഖത്തർ എന്നിവിടങ്ങളിലെ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ പ്രത്യാക്രമണം നടത്തി. ഇന്റർനെറ്റ് ബ്ലാക്ക്ഔട്ട് തുടരുന്നത് രാജ്യത്തെ ദൃശ്യപരതയെയും വിവര കൈമാറ്റത്തെയും ബാധിക്കുമെന്ന ആശങ്കയിലാണ് മനുഷ്യാവകാശ പ്രവർത്തകർ. ഈ വർഷം ആദ്യം നടന്ന പ്രതിഷേധങ്ങളിൽ 3,117 സാധാരണക്കാർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇറാൻ വീണ്ടും യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങുന്നത്.

Also read: