ഹിസ്ബുല്ല ആക്രമണത്തിൽ ഇസ്രയേലിന് വൻ തിരിച്ചടി; 10 മെർക്കാവ ടാങ്കുകൾ തകർന്നു; ഒരു സൈനികൻ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
ബെയ്‌റൂത്ത്: ലബനാനിലും സംഘർഷം ശക്തമാകുന്നു. ഇസ്രയേൽ കരസേനയുടെ സൈനിക നീക്കത്തെ തടയാൻ ഹിസ്ബുല്ല നടത്തിയ ആക്രമണങ്ങളിൽ ഐഡിഎഫിനു വൻ തിരിച്ചടിയേറ്റു. ഇസ്രയേൽ സൈന്യത്തെ ചെറുക്കാനായി ഹിസ്ബുല്ല സംഘങ്ങൾ നടത്തിയ രണ്ട് വ്യത്യസ്ത ഒളിയാക്രമണങ്ങളിൽ പത്ത് മെർക്കാവ ടാങ്കുകൾ തകർന്നതായുള്ള റിപ്പോർട്ടുകളാണു പുറത്തുവരുന്നത്. ഹിസ്ബുല്ലയുടെ ഔദ്യോഗിക മാധ്യമ വിഭാഗമാണ് അവകാശവാദം ഉന്നയിച്ചത്. സൈന്യത്തിനു തിരിച്ചടിയേറ്റ വിവരം ഇസ്രയേൽ വൃത്തങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.
തെക്കൻ ലബനാനിലെ തന്ത്രപ്രധാനമായ കുന്നുകളിൽ വെച്ചാണ് ഹിസ്ബുല്ല ഇസ്രയേൽ ടാങ്ക് വ്യൂഹത്തിന് നേരെ ആക്രമണം നടത്തിയത്. അത്യാധുനിക പ്രതിരോധ സംവിധാനങ്ങളുള്ള ഇസ്രയേലിന്റെ മെർക്കാവ ടാങ്കുകളെ ലക്ഷ്യം വെച്ച് ആന്റി ടാങ്ക് മിസൈലുകളാണ് ഹിസ്ബുല്ല പ്രയോഗിച്ചത്. ആക്രമണത്തിൽ പത്ത് ടാങ്കുകൾ പൂർണമായും തകർന്നതായും നിരവധി സൈനികർക്ക് പരിക്കേറ്റതായും ഹിസ്ബുല്ല അവകാശപ്പെട്ടു.
ഹിസ്ബുല്ലയുടെ ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. അതിർത്തി ഗ്രാമമായ ആദൈസ്സെയ്ക്ക് സമീപമുണ്ടായ ആന്റി ടാങ്ക് മിസൈൽ ആക്രമണത്തിലാണ് സൈനികൻ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ മറ്റ് നാല് സൈനികരെ ഹെലികോപ്റ്റർ മാർഗം ആശുപത്രിയിലേക്ക് മാറ്റി. കൊല്ലപ്പെട്ട സൈനികന്റെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചതായി ഐഡിഎഫ് വക്താവ് വ്യക്തമാക്കി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇസ്രയേലിന്റെ വടക്കൻ മേഖലകളിൽ ഹിസ്ബുല്ല ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഇസ്രയേൽ വിമാനങ്ങൾ ലബനാനിൽ ബോംബിങ് തുടരുമ്പോഴും ഹിസ്ബുല്ലയുടെ കരസേനാ വിരുദ്ധ നീക്കങ്ങൾ ഇസ്രയേലിന് വലിയ വെല്ലുവിളിയാകുന്നു. മെർക്കാവ ടാങ്കുകൾ തകർന്നത് ഇസ്രയേൽ കരസേനയുടെ ആത്മവീര്യത്തെ ബാധിക്കുമെന്നാണ് സൈനിക നിരീക്ഷകർ വിലയിരുത്തുന്നത്.
അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകളെക്കുറിച്ചുള്ള വാർത്തകൾക്കിടയിലും ഇസ്രയേൽ-ലബനാൻ അതിർത്തിയിൽ അന്ത്യമില്ലാതെ രക്തച്ചൊരിച്ചിൽ തുടരുകയാണ്.