27/03/2026
[fontresizer_tawhidurrahmandear_widget]

‘നിരന്തര യുദ്ധങ്ങൾ സൈനികരെ തളർത്തി; ഇസ്രയേൽ സൈന്യം തകർച്ചയുടെ വക്കിൽ’; ഐഡിഎഫ് മേധാവിയുടെ മുന്നറിയിപ്പ്‌

 ‘നിരന്തര യുദ്ധങ്ങൾ സൈനികരെ തളർത്തി; ഇസ്രയേൽ സൈന്യം തകർച്ചയുടെ വക്കിൽ’; ഐഡിഎഫ് മേധാവിയുടെ മുന്നറിയിപ്പ്‌

തെല്‍ അവീവ്: ഇസ്രയേൽ പ്രതിരോധ സേനയുടെ (ഐഡിഎഫ്) നിലനിൽപ്പ് തന്നെ അപകടത്തിലാണെന്ന് സൈനിക മേധാവിയുടെ മുന്നറിയിപ്പ്. സൈന്യം സ്വയം തകർന്നു വീഴുന്ന അവസ്ഥയിലാണെന്നും ചീഫ് ഓഫ് സ്റ്റാഫ് ഇയാൽ സമീർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം നടന്ന അതീവ രഹസ്യമായ സെക്യൂരിറ്റി കാബിനറ്റ് യോഗത്തിലാണ് പത്ത് പ്രധാന ‘റെഡ് ഫ്ലാഗ്സ്’
മുന്നറിയിപ്പുകൾ അദ്ദേഹം സർക്കാരിന് മുന്നിൽ സമർപ്പിച്ചതെന്ന് ’ടൈംസ് ഓഫ് ഇസ്രായേൽ’ റിപ്പോർട്ട് ചെയ്തു.

നിലവിലെ സൈനിക ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ യുദ്ധക്കളത്തിൽ ഇസ്രയേലിന് വലിയ വില നൽകേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. അദ്ദേഹം മുന്നറിയിപ്പ് നൽകിയ പ്രധാനപ്പെട്ട വിഷയങ്ങൾ ഇവയാണ്:

ഭീമമായ സൈനികക്ഷാമം: നിലവിൽ ഏകദേശം 12,000 സൈനികരുടെ കുറവാണ് ഐ.ഡി.എഫിനുള്ളത്. ഇതിൽ 7,500 പേർ നേരിട്ട് യുദ്ധമുഖത്ത് പോരാടുന്ന സൈനികരാണ്.

റിസർവ് സൈന്യത്തിന്റെ തളർച്ച: കഴിഞ്ഞ ഏതാനും വർഷങ്ങളായി, ഗസ്സ, ലബനാൻ, ഇറാൻ എന്നിങ്ങനെ വിവിധ യുദ്ധമുഖങ്ങളിൽ വിശ്രമമില്ലാതെ പൊരുതുന്ന റിസർവ് സൈനികർ ശാരീരികമായും മാനസികമായും തകർന്നിരിക്കുകയാണ്. പലരും തങ്ങളുടെ ജോലി ഉപേക്ഷിച്ചും കുടുംബത്തെ പിരിഞ്ഞും മാസങ്ങളായി യുദ്ധക്കളത്തിൽ തുടരുന്നത് വലിയ സാമൂഹിക പ്രശ്നമായി മാറുന്നു.

നാല് മുന്നണികളിലെ യുദ്ധം: ഗസ്സ, ലെബനൻ, വെസ്റ്റ് ബാങ്ക്, ഇറാൻ എന്നിങ്ങനെ നാല് ഭാഗത്തുനിന്നും ഒരേസമയം ആക്രമണം നേരിടാൻ നിലവിലെ സൈനിക ശേഷി അപര്യാപ്തമാണ്.

നിയമപരമായ തടസ്സങ്ങൾ: സൈനിക സേവനത്തിന്റെ കാലാവധി നീട്ടുന്നതിനും കൂടുതൽ പേരെ നിർബന്ധിതമായി സൈന്യത്തിൽ ചേർക്കുന്നതിനുമുള്ള ബില്ലുകൾ രാഷ്ട്രീയ തർക്കങ്ങൾ കാരണം വൈകുന്നത് പ്രതിസന്ധി ഇരട്ടിയാക്കുന്നു.

ഇസ്രയേലിലെ അൾട്രാ ഓർത്തഡോക്സ് (ഹരേദികൾ) യുവാക്കളെ സൈനിക സേവനത്തിൽനിന്ന് ഒഴിവാക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് സൈന്യത്തെ പ്രതിസന്ധിയിലാക്കിയത്. സൈന്യത്തിൽ ചേരാൻ പ്രായപരിധിയുള്ള 80,000-ത്തോളം ഹരേദി യുവാക്കൾ മതപഠനത്തിന്റെ പേരിൽ യുദ്ധത്തിൽനിന്ന് വിട്ടുനിൽക്കുകയാണ്. ഇവരെ നിർബന്ധിതമായി സൈന്യത്തിൽ ചേർക്കണമെന്ന് ഇയാൽ സമീർ ആവശ്യപ്പെടുമ്പോഴും, നെതന്യാഹു സർക്കാരിലെ തീവ്ര വലതുപക്ഷ കക്ഷികൾ ഇതിനെ എതിർക്കുന്നത് സർക്കാരിന്റെ നിലനിൽപ്പിനെത്തന്നെ ബാധിച്ചിരിക്കുന്നു.

സൈനിക മേധാവിയുടെ മുന്നറിയിപ്പ് ഏറ്റുപിടിച്ച് സർക്കാരിനെതിരെ പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
“അടുത്ത ദുരന്തം സംഭവിക്കുമ്പോൾ തങ്ങൾ അറിഞ്ഞില്ല എന്ന് പറയാൻ സർക്കാരിന് കഴിയില്ല,” എന്ന് പ്രതിപക്ഷ നേതാവ് യാർ ലാപിഡ് ആഞ്ഞടിച്ചു. സൈനികരുടെ കുറവ് കാരണം അതിർത്തികളിൽ സുരക്ഷാ വീഴ്ചകൾ ഉണ്ടാകുന്നുണ്ടെന്നും ഇത് ഇറാന്റെയും ഹിസ്ബുല്ലയുടെയും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അമേരിക്കൻ സഹായത്തോടെ ഇറാന്റെ 7,000 സൈനിക കേന്ദ്രങ്ങൾ തകർത്തതായി അവകാശപ്പെടുമ്പോഴും, ഉള്ളിൽ നിന്നുള്ള ഈ മനുഷ്യവിഭവശേഷി തകർച്ച ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം വലിയൊരു സുരക്ഷാ ഭീഷണിയായി മാറിയിരിക്കുകയാണ്. സൈന്യം ആധുനികമാണെങ്കിലും അത് നയിക്കാൻ മതിയായ സൈനികരില്ലാത്ത അവസ്ഥ ഇസ്രയേലിന്റെ യുദ്ധതന്ത്രങ്ങളെ പാളം തെറ്റിച്ചേക്കാം

Also read: