റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് യുഎസിന്റെ പ്രത്യേക അനുമതി; 30 ദിവസത്തെ ഇളവ് പ്രഖ്യാപിച്ചു
ന്യൂഡൽഹി: മിഡിൽ ഈസ്റ്റിൽ യുദ്ധം ശക്തമാകുന്ന സാഹചര്യത്തിൽ, ഇന്ത്യൻ റിഫൈനറികൾക്ക് റഷ്യൻ എണ്ണ വാങ്ങുന്നതിന് 30 ദിവസത്തെ താൽക്കാലിക ഇളവ് അനുവദിച്ച് അമേരിക്ക. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ഇന്നാണ് പ്രഖ്യാപനം നടത്തിയത്. ഇറാൻ-ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് ആഗോള ഊർജ്ജ വിപണിയിലുണ്ടായ അസ്ഥിരത പരിഹരിക്കാനാണ് ഈ നീക്കം.
യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റിന്റെ വിദേശ ആസ്തി നിയന്ത്രണ ഓഫീസ് (OFAC) പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, ഇന്നലെ മുതൽ കപ്പലുകളിൽ കയറ്റിയ റഷ്യൻ ക്രൂഡ് ഓയിലും പെട്രോളിയം ഉൽപ്പന്നങ്ങളും ഇന്ത്യയ്ക്ക് വാങ്ങാം. ഉപരോധ പട്ടികയിലുള്ള കപ്പലുകൾ വഴിയുള്ള ഇടപാടുകൾക്കും ഏപ്രിൽ 3 വരെ ഇളവ് ബാധകമായിരിക്കും.
ഇന്ത്യ അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളിയാണെന്ന് സെക്രട്ടറി സ്കോട്ട് ബെസെന്റ് വിശേഷിപ്പിച്ചു. “ഇറാൻ ആഗോള ഊർജ്ജ വിപണിയെ ബന്ദിയാക്കാൻ ശ്രമിക്കുന്നതിനിടയിൽ, വിതരണ ശൃംഖലയിലെ സമ്മർദ്ദം കുറയ്ക്കാൻ നടപടി സഹായിക്കും. എന്നാൽ ഇത് ഹ്രസ്വകാലത്തേക്ക് മാത്രമുള്ളതാണെന്നും റഷ്യയ്ക്ക് ഇതിലൂടെ വലിയ സാമ്പത്തിക നേട്ടം ലഭിക്കില്ലെന്നും” അദ്ദേഹം വ്യക്തമാക്കി. വരും ദിവസങ്ങളിൽ ഇന്ത്യ അമേരിക്കയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യൻ എണ്ണക്കമ്പനികൾക്ക് മേൽ ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ ഉപരോധം മൂലം ജനുവരിയിൽ ഇന്ത്യയുടെ ഇറക്കുമതി 2022-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയിരുന്നു. ഹോർമുസ് കടലിടുക്കിലെ ഇറാൻ ഉപരോധവും സൗദി അരാംകോ ഉൾപ്പെടെയുള്ള പ്രധാന എണ്ണപ്പാടങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളും വിപണിയെ ബാധിച്ചിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 83.07 ഡോളറായി ഉയർന്നെങ്കിലും, ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കാൻ നിലവിൽ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.