27/03/2026
[fontresizer_tawhidurrahmandear_widget]

‘യുദ്ധം കഴിഞ്ഞ തവണത്തെ അത്ര ശക്തമല്ല, റോക്കറ്റ് വരുമ്പോൾ ബങ്കറിനകത്ത് കയറിയാൽ മതി; ബാക്കിയെല്ലാം സാധാരണ പോലെ’

 ‘യുദ്ധം കഴിഞ്ഞ തവണത്തെ അത്ര ശക്തമല്ല, റോക്കറ്റ് വരുമ്പോൾ ബങ്കറിനകത്ത് കയറിയാൽ മതി; ബാക്കിയെല്ലാം സാധാരണ പോലെ’

തെൽ അവീവ്: പശ്ചിമേഷ്യയിൽ യുദ്ധം നാലാം വാരത്തിലേക്ക് കടക്കുമ്പോഴും ഇസ്രയേലിലെ ജനജീവിതം സ്തംഭിച്ചിട്ടില്ലെന്ന് മലയാളി സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ. ‘ഇസ്രയേൽ മല്ലു’ എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ പതിനയ്യായിരത്തോളം ഫോളോവേഴ്സുള്ള എൽദോ കുര്യാക്കോസാണ് തന്റെ പുതിയ വീഡിയോയിലൂടെ ഇസ്രയേലിലെ നിലവിലെ സാഹചര്യങ്ങൾ വിവരിക്കുന്നത്.

കഴിഞ്ഞ തവണത്തെ ആക്രമണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ഇസ്രയേലിലേക്ക് എത്തുന്ന മിസൈലുകൾക്ക് പ്രഹരശേഷി കുറവാണെന്നാണ് എൽദോ നിരീക്ഷിക്കുന്നത്. ‘കഴിഞ്ഞ പ്രാവശ്യത്തേക്കാൾ ശക്തി കുറഞ്ഞവയാണ് ഇപ്പോൾ വരുന്നത്. പക്ഷേ, ഇത് തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നുണ്ട്,’ അദ്ദേഹം വീഡിയോയിൽ പറഞ്ഞു.

യുദ്ധം നടക്കുന്നുണ്ടെങ്കിലും ഇസ്രയേലിന്റെ ഉൾപ്രദേശങ്ങളിൽ കാര്യങ്ങൾ ഏറെക്കുറെ സാധാരണ നിലയിലാണെന്ന് എൽദോ വ്യക്തമാക്കുന്നു. റോഡുകളിൽ വാഹനങ്ങൾ പതിവുപോലെ ഓടുന്നുണ്ട്. പൊതുഗതാഗത സംവിധാനമായ ബസുകൾ സർവീസ് നടത്തുന്നു. എല്ലാ ദിവസവും ജോലികൾ നടക്കുന്നുണ്ട്. ആദ്യ ആഴ്ചയിൽ കടകൾ അടച്ചിരുന്നെങ്കിലും ഇപ്പോൾ വിപണികൾ സജീവമായെന്നും എൽദോ പറയുന്നു.

സൈറൺ മുഴങ്ങുമ്പോൾ ബങ്കറുകൾക്കുള്ളിൽ കയറി സുരക്ഷിതമായി ഇരിക്കുക മാത്രമാണു വേണ്ടത്. അതു കഴിഞ്ഞാൽ ജനങ്ങൾ വീണ്ടും തങ്ങളുടെ ജോലികളിലേക്ക് മടങ്ങുന്നു. ‘യുദ്ധം നടക്കുന്നുണ്ടെങ്കിലും സാധാരണ ജീവിതത്തിൽ വലിയ മാറ്റങ്ങളൊന്നുമില്ല, ഇതൊക്കെയാണ് ഇസ്രയേലിലെ യുദ്ധത്തിന്റെ അനുഭവങ്ങൾ,’ എന്ന് പറഞ്ഞാണ് എൽദോ വീഡിയോ അവസാനിപ്പിക്കുന്നത്.

ഇസ്രയേലിലെ ചരിത്രപരമായ സ്ഥലങ്ങളും സംസ്‌കാരവും ജീവിതരീതികളും വീഡിയോകളിലൂടെ പങ്കുവെക്കാറുള്ള എൽദോ, കഴിഞ്ഞ വർഷം നടന്ന 12 ദിന യുദ്ധസമയത്തും സജീവമായ അപ്ഡേറ്റുകൾ നൽകിയിരുന്നു. അന്ന് ബങ്കറുകൾക്കുള്ളിലെ ജീവിതത്തെക്കുറിച്ചും സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും അദ്ദേഹം നൽകിയ വിവരങ്ങളും ഇറാന്റെ ആക്രമണദൃശ്യങ്ങളും വലിയ തോതിൽ വൈറലായിരുന്നു.

Also read: